മുല്ലന്‍പൂര്‍: ടി 20 ക്രിക്കറ്റ് ചരിത്രത്തില്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി ഇന്ത്യന്‍ പേസര്‍ അര്‍ഷദീപ് സിങ്ങ്. ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ താരമെന്ന അനാവശ്യ റെക്കോര്‍ഡ് ഇനി അര്‍ഷദീപിന് സ്വന്തം.ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി 20 യിലാണ് അര്‍ഷദീപ് ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ 13 പന്തുകള്‍ എറിയേണ്ടി വന്നത്.

ഇന്ത്യയ്ക്ക് വേണ്ടി 11-ാം ഓവര്‍ എറിഞ്ഞ താരം ഏഴ് വൈഡുകള്‍ അടക്കം 13 പന്തുകളാണ് എറിഞ്ഞത്. ഇതോടെ പുരുഷ ടി 20 യില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവര്‍ എറിഞ്ഞ അനാവശ്യ റെക്കോര്‍ഡ് അഫ്ഗാനിസ്ഥാന്‍ താരം നവീന്‍ ഉല്‍ ഹഖിനൊപ്പം അര്‍ഷ്ദീപിന്റെ പേരിലുമായി.ഈ ഓവറില്‍ ഒരു സിക്സറടക്കം 18 റണ്‍സാണ് ദക്ഷിണാഫ്രിക്ക സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.

മുല്ലന്‍പൂരില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 11ാം ഓവറില്‍ ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപിനെ ക്വിന്റണ്‍ ഡി കോക്ക് സിക്‌സറിന് പറത്തി. തൊട്ടടുത്ത പന്താണ് ഓവറിലെ ആദ്യ വൈഡ്. വീണ്ടും ഒരു വൈഡ് കൂടി എറിഞ്ഞ ശേഷമാണ് ലീഗലായ രണ്ടാമത്തെ പന്ത് വന്നത്. എന്നാല്‍ മൂന്നാം ലീഗല്‍ പന്തിനിടെ നാല് വൈഡുകള്‍ കൂടി അര്‍ഷദീപ് എറിഞ്ഞു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡില്‍ 100 റണ്‍സ് കടക്കുകയും ചെയ്തു. അവസാന ലീഗല്‍ പന്ത് എറിയുന്നതിന് മുന്‍പ് ഒരു വൈഡ് കൂടി അര്‍ഷ്ദീപ് എറിഞ്ഞു. ഇതോടെ ഏഴു വൈഡുകളും ആറു ലീഗല്‍ പന്തുകളുമടക്കം 13 പന്തുകളാണ് അര്‍ഷ്ദീപിന് എറിയേണ്ടി വന്നത്.

ഇതോടെ പുരുഷ ടി20 യില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവര്‍ എറിഞ്ഞ അനാവശ്യ റെക്കോര്‍ഡ് അഫ്ഗാനിസ്ഥാന്‍ താരം നവീന്‍ ഉല്‍ ഹഖിനൊപ്പം അര്‍ഷ്ദീപിന്റെ പേരിലുമായി. മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ താരം 54 റണ്‍സും വിട്ടുകൊടുത്തു. താരത്തിന് വിക്കറ്റൊന്നും നേടാനുമായില്ല.

അര്‍ഷ്ദീപ് തുടര്‍ച്ചയായി വൈഡ് എറിഞ്ഞതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിന്റെ പ്രതികരണങ്ങളും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഡഗൗട്ടിലിരിക്കുകയായിരുന്ന ?ഗംഭീര്‍ അര്‍ഷ്ദീപിനെതിരെ വളരെ ദേഷ്യത്തോട് പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബോളിങ് കോച്ച് മോണി മോര്‍ക്കലും ബോളിങ് പ്രകടനത്തിലെ നിരാശ പ്രകടിപ്പിച്ചു. ആരാധകരുടെ ഭാഗത്ത് നിന്നും വ്യാപക വിമര്‍ശനം അര്‍ഷദീപിന് നേരിടേണ്ടിവരുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തെ ടാഗ് ചെയ്തുകൊണ്ട് തന്നെ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.

അതേസമയം ഇന്നലെ ഇന്ത്യന്‍ ബൗളര്‍മാര്‍ എല്ലാം തന്നെ ദക്ഷിണാഫ്രികയുടെ ബാറ്റിങ്ങ് ചൂടറിഞ്ഞു.ജസ്പ്രീത് ബുംറ നാലോവര്‍ എറിഞ്ഞ് 45 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഹാര്‍ദിക് മൂന്നോവറില്‍ 34 റണ്‍സും ശിവം ദുബെ രണ്ടോവറില്‍ 18 റണ്‍സും വിട്ടുകൊടുത്തു. സ്പിന്നര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തി നാലോവര്‍ എറിഞ്ഞ് 29 റണ്‍സ് കൊടുത്ത് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്സര്‍ പട്ടേല്‍ മൂന്നോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.മത്സരത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 213 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്.