- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലെത്തിച്ച പരിശീലകന്; ആറ് മാസം പോലും തികയ്ക്കാതെ പാക് ടീം പരിശീലക സ്ഥാനം രാജിവെച്ച് ഗാരി കിര്സ്റ്റന്; പിസിബിയും താരങ്ങളും തമ്മിലുള്ള ഭിന്നതയ്ക്ക് പിന്നാലെ അപ്രതീക്ഷിത രാജി
പാക് ടീം പരിശീലക സ്ഥാനം ഗാരി കിര്സ്റ്റന് രാജിവച്ചു, ഗില്ലസ്പി പകരക്കാരന്
കറാച്ചി: പാകിസ്ഥാന്‍ ഏകദിന, ട്വന്റി 20 ടീമുകളുടെ പരിശീലക സ്ഥാനം രാജിവെച്ച് ഗാരി കിര്‍സ്റ്റന്‍. പാക് വൈറ്റ് ബോള്‍ ടീമിന്റെ നായകനായി മുഹമ്മദ് റിസ്വാനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രണ്ട് വര്‍ഷ കാലാവധിയുള്ള കിര്‍സ്റ്റന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ടെസ്റ്റ് ടീം പരിശീലകനായ ജേസണ്‍ ഗില്ലെസ്പിയെ വൈറ്റ് ബോള്‍ ടീമിന്റെ കൂടി പരിശീലകനായി പാക് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചു. നിലവില്‍ പാകിസ്ഥാന്റെ ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുന്നത് ഗില്ലസ്പിയാണ്.
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഗാരി കിര്‍സ്റ്റണ് പുറത്തേയ്ക്കുള്ള വഴി തെളിച്ചത്. ടീം തെരഞ്ഞെടുപ്പില്‍ കോച്ചിന് പങ്കുണ്ടാവില്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടാണ് കിര്‍സ്റ്റന്റെ പൊടുന്നനെയുള്ള രാജിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
മുഹമ്മദ് റിസ്വാനെ പാക് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നോട് അഭിപ്രായം പോലും ചോദിച്ചില്ലെന്ന് കിര്‍സ്റ്റന് പരാതിയുണ്ടായിരുന്നു. പാകിസ്ഥാനിലുണ്ടായിട്ടും പത്രസമ്മേളനത്തിലൂടെയാണ് താനീ വിവരം അറിയുന്നതെന്നും കിര്‍സ്റ്റന്‍ തന്റെ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോറ്റശേഷം പാക് ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ പുതിയ അംഗങ്ങളെ ചേര്‍ത്ത് വിപുലീകരിച്ചിരുന്നു. അക്വിബ് ജാവേദ്, മുന്‍ അമ്പയര്‍ കൂടിയായ അലീം ദാര്‍, അസ്ഹര്‍ അലി, ആസാജ് ഷഫീഖ്, ഹസന്‍ ചീമ എന്നിവരെയാണ് സെലക്ഷന്‍ കമ്മിറ്റിയിലെടുത്തത്. ടീം സെലക്ഷന്‍ പൂര്‍ണമായും ഇവരുടെ ചുമതലയാണെന്നും പരിശീലകര്‍ക്ക് ഇതില്‍ ഇടപെടാനാവില്ലെന്നും പാക് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ജൂണില്‍ നടന്ന ട്വന്റി 20 ലോകകപ്പിന് മുമ്പായാണ് ഗാരി കിര്‍സ്റ്റണ്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങള്‍ ഗ്രൂപ്പ് തിരിഞ്ഞിരിക്കുകയാണെന്നും ഇതുപോലെ മറ്റൊരു ടീമിനെ കണ്ടിട്ടില്ലെന്നും തോല്‍വിക്ക് പിന്നാലെ കിര്‍സ്റ്റണ്‍ രംഗത്തെത്തിയിരുന്നു.
2007 മുതല്‍ 2011 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു ഗാരി കിര്‍സ്റ്റണ്‍. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയത് ഗാരി കിര്‍സ്റ്റന്റെ കീഴിലായിരുന്നു. ഏക്കാലത്തെയും മികച്ച പരിശീലകരില്‍ ഒരാളായി ക്രിക്കറ്റ് ലോകം വിലയിരുത്തിയ കര്‍സ്റ്റന്‍ ചുമതലയേറ്റ് ആറ് മാസം പോലും തികയ്ക്കാതെയാണ് പാക് ക്രിക്കറ്റിനോട് വിടപറയുന്നത്. കിര്‍സ്റ്റന്റെ രാജി സ്വീകരിക്കുന്നുവെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. നവംബര്‍ നാലിന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ജേസണ്‍ ഗില്ലസ്പി പാക് ടീമിന്റെ പരിശീലകനാകുമെന്ന് പിസിബി വ്യക്തമാക്കി.
2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമന്റെ പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റന്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മെന്ററും ബാറ്റിംഗ് പരിശീലകനുമായിരിക്കെയാണ് ഈ വര്‍ഷം ഏപ്രിലില്‍ പാക് വൈറ്റ് ബോള്‍ ടീം പരിശീലകനായി പോയത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് സെമിയിലെത്തുന്നതില്‍ പരാജയപ്പെട്ടതോടെ ടീം ഡയറക്ടറായിരുന്ന മിക്കി ആര്‍തറെ ഒഴിവാക്കിയിരുന്നു.
പിന്നീട് മുന്‍ താരം മുഹമ്മദ് ഹഫീസാണ് പാകിസ്ഥാന്റെ ടീം ഡയറക്ടറായത്. എന്നാല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും പാക് ടീം ദയനീയമായി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഹഫീസിനെ പുറത്താക്കി. ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍ റൗണ്ടറായ ഷെയ്ന്‍ വാട്‌സണെ പരിശീലകനായി നിയമിക്കാന്‍ ധാരണയായെങ്കിലും അവസാന നിമിഷം വാട്‌സണ്‍ പിന്‍മാറിയതോടെയാണ് കിര്‍സ്റ്റനെ പരിശീലകനാക്കിയത്.