മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഗൗതം ഗംഭീര്‍ മുതിര്‍ന്ന താരങ്ങളെടക്കം ശകാരിച്ച വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് യുവതാരം സര്‍ഫറാസ് ഖാനെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍. ബിസിസിഐയുടെ അവലോകന യോഗത്തിലാണ് ഗംഭീര്‍ സര്‍ഫറാസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതെന്ന് ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്തു. സര്‍ഫറാസിന്റെ നടപടി ഗംഭീറിനെ ചൊടിപ്പിച്ചുവെന്നും ഇത് സര്‍ഫറാസിന്റെ കരിയറിന് തന്നെ പ്രതികൂലമാകാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഭീര്‍ പരിശീലകനായി ഇരിക്കുന്നിടത്തോളം കാലം സര്‍ഫറാസ് ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

മെല്‍ബണ്‍ ടെസ്റ്റിലെ കനത്ത തോല്‍വിക്ക് ശേഷം ഗൗതം ഗംഭീര്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളില്‍ വരാന്‍ കാരണം സര്‍ഫറാസ് ഖാന്‍ ആണെന്നാണ് ഗംഭീര്‍ ബിസിസിഐ അവലോകന യോഗത്തില്‍ ആരോപിച്ചത്. എന്നാല്‍ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയക് സര്‍ഫറാസ് ആണെന്ന് തെളിയിക്കാന്‍ ഗൗതം ഗംഭീര്‍ എന്തെങ്കിലും തെളിവുകള്‍ ബിസിസിഐക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ന്യസീലന്‍ഡിനെതിരെ ഇന്ത്യയില്‍വച്ച് നടന്ന ടെസ്റ്റ് പരമ്പരയില്‍ സെഞ്ചറി ഉള്‍പ്പെടെ നേടി തിളങ്ങിയെങ്കിലും ഓസീസ് പര്യടനത്തില്‍ താരത്തിന് അവസരം നല്‍കാതെ തഴയുകയായിരുന്നു. ഇതിനിടെയാണ് ഡ്രസിങ് റൂമിലെ വിവരങ്ങള്‍ സര്‍ഫറാസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതായി ഗംഭീര്‍ ബിസിസിഐയ്ക്ക് റിപ്പോര്‍ട്ട് ചെയ്‌തെന്ന വാര്‍ത്ത പുറത്തുവരുന്നത്.

മെല്‍ബണില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വന്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെ, ടീമംഗങ്ങളോടായി ഗൗതം ഗംഭീര്‍ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചിരുന്നു. ഡ്രസിങ് റൂമില്‍വച്ച് നടത്തിയ ഈ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ സര്‍ഫറാസ് ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നാണ് ഗംഭീറിന്റെ പ്രധാന ആരോപണമെന്ന് 'ന്യൂസ്24 സ്‌പോര്‍ട്‌സ്' റിപ്പോര്‍ട്ട് ചെയ്തു.

താരങ്ങളും പരിശീലകനും തമ്മില്‍ ഡ്രസിങ് റൂമില്‍ നടക്കുന്ന സംഭാഷണങ്ങള്‍ അവിടെത്തന്നെ ഒതുങ്ങുന്നതാകും ഉചിതമെന്ന്, സിഡ്‌നി ടെസ്റ്റിനു പിന്നാലെ ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ഡ്രസിങ് റൂമില്‍വച്ചു നടന്ന ചില സംഭവങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും, അതെല്ലാം അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

''ഡ്രസിങ് റൂമിലുള്ളവരെല്ലാം സത്യസന്ധരായി തുടരുന്നതുവരെ ഇന്ത്യന്‍ ക്രിക്കറ്റ് സുരക്ഷിതമായ കരങ്ങളിലായിരിക്കും. ഡ്രസിങ് റൂമില്‍ ഇടംലഭിക്കുന്നതിനുള്ള ഏക മാനദണ്ഡം പ്രകടനം മാത്രമായിരിക്കും. അവിടെ ഞങ്ങള്‍ സത്യസന്ധമായി ചില കാര്യങ്ങള്‍ സംസാരിക്കും. സത്യസന്ധത സുപ്രധാനമാണ്. അവിടെ ഒറ്റ കാര്യത്തില്‍ മാത്രമാണ് ചര്‍ച്ച നടക്കുന്നത്. ടീമിന്റെ താല്‍പര്യങ്ങള്‍ക്കാണോ പ്രാധാന്യം നല്‍കുന്നത് എന്നതാണ് മുഖ്യം. ടീമിന്റെ ആവശ്യത്തിന് അനുസരിച്ചാണ് കളിക്കേണ്ടത്. നിങ്ങള്‍ക്ക് നിങ്ങളുടെ സ്വാഭാവികമായ കളി തുടരാം. പക്ഷേ, ടീമിന്റെ ആവശ്യം കൂടി പരിഗണിക്കണം' ഇതായിരുന്നു ഗംഭീറിന്റെ വാക്കുകള്‍.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര നിറം മങ്ങിയിട്ടും ഒരു ടെസ്റ്റില്‍ പോലും സര്‍ഫറാസിന് പ്ലേയിംഗ് ഇലിവനില്‍ അവസരം ലഭിച്ചില്ലെന്നതും ഇതോട് കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡ്രസ്സിംഗ് റൂമില്‍ കളിക്കാരും പരിശീലകനും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ ഡ്രസ്സിംഗ് റൂമില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്ന് ഗംഭീര്‍ കളിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായത്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിനെ ഇന്ത്യന്‍ പരിശീലകനായി ബിസിസിഐ തെരഞ്ഞെടുത്തത്. എന്നാല്‍ ഗംഭീറിന് കീഴില്‍ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗംഭീറിന് കീഴില്‍ കളിച്ച 10 ടെസ്റ്റില്‍ ആറിലും ഇന്ത്യ തോറ്റിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനും കഴിഞ്ഞിരുന്നില്ല. ഇതോടെ ഗംഭീറിന്റെ പരിശീലക സ്ഥാനവും ഭീഷണിയിലാണ്.

ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി തുടങ്ങിയ ഗംഭീര്‍ പക്ഷെ പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങി. 27 വര്‍ഷത്തിനുശേഷമായിരുന്നു ഇന്ത്യക്കെതിരെ ശ്രീലങ്ക ഏകദിന പരമ്പര ജയിച്ചത്. പിന്നാലെ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങി. ഇതാദ്യമായാണ് നാട്ടില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയില്‍ 0-3ന് തോല്‍ക്കുന്നത്.ഇതിനുശേഷം നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് മൂന്ന് ടെസ്റ്റുകള്‍ തോറ്റ് 1-3ന് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്ഥാനവും കൈവിട്ടു.