- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് കളിക്കാര്‍ക്ക് കൈ കൊടുക്കാതെ അവഗണിക്കാനുള്ള തീരുമാനം എടുത്തത് കോച്ച് ഗൗതം ഗംഭീര്‍; പഹല്‍ഗാമില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ മറക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തി; സോഷ്യല്‍ മീഡിയ നോക്കുന്നത് നിര്‍ത്തി ജോലിയില്‍ ശ്രദ്ധിക്കാനും കോച്ചിന്റെ നിര്‍ദേശം; അക്ഷരംപ്രതി അനുസരിച്ചു സൂര്യയും കൂട്ടരും
പാക് കളിക്കാര്‍ക്ക് കൈ കൊടുക്കാതെ അവഗണിക്കാനുള്ള തീരുമാനം എടുത്തത് കോച്ച് ഗൗതം ഗംഭീര്‍
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരം മറ്റു രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു. പഗല്‍ഗാം ഭീകരാക്രമണവും പിന്നാലെ നടന്ന ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ വൈകാരിക അന്തരീക്ഷത്തിലായരുന്നു മത്സരം നടന്നത്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കെല്ലാം തന്നെ പാക്കിസ്ഥാനുമായി കൡക്കുന്നതില്‍ ചില ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അനായാസം പാക്കിസ്ഥാനെ തറപറ്റിച്ചു ഇന്ത്യ വിജയം ആഘോഷിക്കുകയാണ് ഉണ്ടായത്.
എന്നാല്‍, വെറും കളിക്ക് അപ്പുറത്തേക്ക് ചില കാര്യങ്ങളും ഇന്നലത്തെ ദുബായിലെ മത്സരത്തില്‍ ഉണ്ടായി. ടോസ് സമയത്തും മത്സരശേഷവും പാക് താരങ്ങളുമായി പതിവ് ഹസ്തദാനത്തിന് തയ്യാറാവാതെ ഇന്ത്യ അവഗണിച്ചിരുന്നു. പാക് താരങ്ങള്‍ ഹസ്തദാനത്തിന് ശ്രമിച്ചപ്പോള്‍ അവഗണിച്ചു കൊണ്ട് മുന്നോട്ടുപോകുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ താരങ്ങളൂടെ ഈ നീക്കത്തിന് പിന്നില്‍ ഗൗതം ഗംഭീറിന്റെ ബുദ്ധിയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മത്സരത്തില്‍ ടോസിനുശേഷം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയുമായി ഹസ്തദാനം ചെയ്യാതിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മത്സരശേഷം പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാനും തയാറായില്ല. ഇന്ത്യന്‍ താരങ്ങളാരും മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൗണ്ടിലേക്കിറങ്ങി പതിവ് ഹസ്തദാനത്തിന് മുതിര്‍ന്നിരുന്നില്ല. ഹസ്തദാനത്തിനായി പാക് താരങ്ങള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിന് അടുത്തെത്തിയെങ്കിലും ഡ്രസ്സിംഗ് റൂമിന്റെ വാതിലുകള്‍ അടച്ചിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ മത്സരത്തില്‍ പാക് താരങ്ങളുമായി യാതൊരു തരത്തിലുള്ള സൗഹൃദവും വേണ്ടെന്ന കര്‍ശന നിലപാടെടുത്തത് കോച്ച് ഗൗതം ഗംഭീറായിരുന്നുവെന്നാണ് സൂചന. മത്സരത്തിനു മുമ്പോ ശേഷമോ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ വാക് പോരിനോ മുതിരരുതെന്ന് ഗംഭീര്‍ ടീം അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഈ പശ്ചാത്തലത്തില്‍ മത്സരത്തിന് മുമ്പ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ടീം അംഗങ്ങളും കോച്ച് ഗൗതം ഗംഭീറിനെക്കണ്ട് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിലെ ആശങ്ക പങ്കുവെച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ അടച്ചുവെക്കാനും കളിയില്‍ മാത്രം ശ്രദ്ധിക്കാനുമാണ് ഗംഭീര്‍ ടീം അംഗങ്ങളോട് പറഞ്ഞത്. നിങ്ങള്‍ സോഷ്യല്‍ മീഡിയ നോക്കുന്നത് നിര്‍ത്തു, ചുറ്റുമുള്ള ബഹളങ്ങള്‍ ഒന്നും നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ജോലി ഇന്ത്യക്കായി കളിക്കുക എന്നത് മാത്രമാണ്. അതിനൊപ്പം പഹല്‍ഗാമില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ മറക്കരുത്.
അതുകൊണ്ട് തന്നെ മത്സരത്തിനിടെ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ ആശയവിനിമയം നടത്താനോ വാക് പോരിലേര്‍പ്പെടാനോ മുതിരരുത്. ഗ്രൗണ്ടിലിറങ്ങി നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക, ഇന്ത്യക്കായി കളിക്കുക, ജയിക്കുക എന്നത് മാത്രം നിങ്ങള്‍ നോക്കിയാല്‍ മതിയെന്നായിരുന്നു ഗംഭീറിന്റെ ഉറച്ച വാക്കുകള്‍.
ഏഷ്യാ കപ്പിലെ അഭിമാന പോരാട്ടത്തില്‍ ഇന്നലെ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്.