- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു കളിക്കാരനെന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം, എന്‍റെ വിധി ആർക്കും മാറ്റാനാകില്ല'; ലോകകപ്പ് സ്ക്വാഡിൽനിന്ന് പുറത്തായതിൽ പ്രതികരിച്ച് ഗിൽ
വഡോദര: വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സ്ക്വാഡിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് യുവതാരം ശുഭ്മൻ ഗിൽ. സെലക്ടർമാരുടെ തീരുമാനത്തെ താൻ മാനിക്കുന്നുവെന്നും, 'എന്‍റെ വിധി ആർക്കും മാറ്റാനാകില്ല' എന്നും ഗിൽ വ്യക്തമാക്കി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിന് മുന്നോടിയായി വഡോദരയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗിൽ ഇക്കാര്യം അറിയിച്ചത്.
സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ലോകകപ്പ് ടീമിന് എല്ലാ ഭാവുകങ്ങളും നേർന്ന ഗിൽ, താൻ അർഹിക്കുന്ന സ്ഥാനത്തുതന്നെയാണ് ഉള്ളതെന്നും കൂട്ടിച്ചേർത്തു. "ഒരു കളിക്കാരനെന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് വേണ്ടത്. സെലക്ടർമാരുടെ തീരുമാനത്തെ താൻ മാനിക്കുന്നു. സെലക്ടർമാർ അവരുടെ തീരുമാനം സ്വീകരിക്കും," അദ്ദേഹം പറഞ്ഞു. കുട്ടിക്രിക്കറ്റിൽ ഫോം കണ്ടെത്താനാകാതെ പോയതാണ് ഗില്ലിനെ ലോകകപ്പ് സ്ക്വാഡിൽനിന്ന് സെലക്ടർമാർ തഴയാൻ പ്രധാന കാരണം.
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലും താരം നിരാശപ്പെടുത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള പ്രമുഖർക്ക് ലോകകപ്പ് ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. നേരത്തെ, മികച്ച ഫോമിലായിരുന്ന സഞ്ജു സാംസണെ ഓപണിങ് റോളിൽനിന്ന് മാറ്റി ഗില്ലിനെ ഉൾപ്പെടുത്തിയത് വലിയ ആരാധക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, മധ്യനിരയിൽ ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിന് ലോകകപ്പ് സ്ക്വാഡിൽ ഇടംനേടാനായി. നിലവിൽ ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റൻ കൂടിയാണ് ശുഭ്മൻ ഗിൽ.




