ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ താരവും ഇടംകൈയൻ സ്പിന്നറുമായ ഗൗഹർ സുൽത്താന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 37-കാരിയായ താരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തീരുമാനം അറിയിച്ചത്. 50 ഏകദിനങ്ങളിലും 37 ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കുപ്പായമണിഞ്ഞു.

2008-ൽ പാകിസ്ഥാനെതിരെയായിരുന്നു ഗൗഹറിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 2014-ലെ വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ തന്നെയായിരുന്നു ഇന്ത്യയ്‌ക്കായുള്ള ഗൗഹറിന്റെ അവസാന മത്സരവും. ഹൈദരാബാദ് സ്വദേശിനിയായ താരം വനിതാ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ രണ്ട് സീസണുകളിലും യുപി വാരിയേഴ്‌സിനായി കളത്തിലിറങ്ങിയിരുന്നു.

അന്താരാഷ്ട്ര കരിയറിൽ ഏകദിനത്തിൽ നിന്ന് 66 വിക്കറ്റുകളും ടി20-യിൽ നിന്ന് 29 വിക്കറ്റുകളും ഗൗഹർ സ്വന്തമാക്കിയിട്ടുണ്ട്. നാല് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഏകദിനത്തിലെ മികച്ച പ്രകടനം. 2009, 2013 വർഷങ്ങളിലെ ഏകദിന ലോകകപ്പുകളിലും മൂന്ന് ടി20 ലോകകപ്പുകളിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. കളിക്കളത്തോട് വിടപറഞ്ഞെങ്കിലും ക്രിക്കറ്റ് രംഗത്ത് പരിശീലകയായി ഗൗഹർ സുൽത്താന തുടരും. നിലവിൽ ബിസിസിഐയുടെ ലെവൽ 2 പരിശീലകയായി പ്രവർത്തിച്ചുവരികയാണ് താരം.