- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകര്‍ ആവേശത്തോടെ തുള്ളിച്ചാടിയാല്‍ പോലും താങ്ങാനാകാത്ത അവസ്ഥ; രണ്ടാം ടെസ്റ്റ് നടക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയുടെ ഒരുഭാഗം അപകടാവസ്ഥയില്‍; കൂടാതെ കനത്ത മഴസാധ്യത; മത്സരം ആശങ്കയില്‍
കാന്‍പുരിലെ ഗ്രീന്‍പാര്‍ക് സ്റ്റേഡിയത്തിലെ ഗാലറിയുടെ ഒരുഭാഗം അപകടാവസ്ഥയില്‍
ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വെള്ളിയാഴ്ച കാണ്‍പുരില്‍ തുടക്കമാകാനിരിക്കെ ഗ്രീന്‍പാര്‍ക് സ്റ്റേഡിയത്തിലെ ഗാലറിയുടെ ഒരുഭാഗം അപകടാവസ്ഥയിലെന്ന് മുന്നറിയിപ്പ്. സ്റ്റേഡിയത്തിലെ വിവിധ സ്റ്റാന്‍ഡുകളില്‍ ഒരെണ്ണം (ബാല്‍ക്കണി സ്റ്റാന്‍ഡ് സി) അപകടകരമായ അവസ്ഥയിലാണെന്നാണ് മുന്നറിയിപ്പ്. ഇവിടെ ആകെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പകുതി ടിക്കറ്റ് മാത്രമേ വില്‍ക്കാവൂ എന്ന് ഉത്തര്‍പ്രദേശിലെ പിഡബ്ല്യുഡി വിഭാഗം ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനു നിര്‍ദ്ദേശം നല്‍കി.
''പിഡബ്ല്യുഡി വിഭാഗം സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ചില മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട് എന്നത് വാസ്തവമാണ്. അവര്‍ ആവശ്യപ്പെട്ടപ്രകാരം ബാല്‍ക്കണി സിയില്‍ കുറച്ചു ടിക്കറ്റുകള്‍ മാത്രമേ വില്‍ക്കൂ' ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ അങ്കിത് ചാറ്റര്‍ജി വ്യക്തമാക്കി. ''ബാല്‍ക്കണി സിയില്‍ ആകെ 4,800 പേരെയാണ് ഉള്‍ക്കൊള്ളാനാകുക. അവിടെ പരമാവധി 1700 ടിക്കറ്റുകള്‍ മാത്രം വിറ്റാല്‍ മതിയെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. വരും ദിവസങ്ങളിലും ഇവിടെ അറ്റകുറ്റ പണികള്‍ തുടുരും' അങ്കിത് വ്യക്തമാക്കി.
അതേസമയം, അപകടാവസ്ഥയിലുള്ള ഈ സ്റ്റാന്‍ഡ് ഒഴിച്ചിടുന്നതാകും ഉചിതമെന്ന് ക്രിക്കറ്റ് അസോസിയേഷനോടു വ്യക്തമാക്കിയിട്ടുണ്ടെന്ന് പിഡബ്ല്യുഡി വിഭാഗം വ്യക്തമാക്കി. ''ഋഷഭ് പന്ത് ഒരു സിക്‌സടിച്ചാല്‍ 50 ആരാധകര്‍ ആവേശത്തോടെ തുള്ളിച്ചാടിയാല്‍ പോലും താങ്ങാനാകാത്ത അവസ്ഥയിലാണ് ആ സ്റ്റാന്‍ഡ്. അവിടെ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം' ഒരു പിഡബ്ല്യുഡി എന്‍ജിനീയറെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശ് പബ്ലിക് വര്‍ക്ക് വിഭാഗത്തിന് കീഴിലാണ് സ്റ്റേഡിയം വരുന്നത്. സ്റ്റേഡിയത്തിന്റെ ബാല്‍ക്കണി സി യില്‍ കൂടുതല്‍ ആരാധകരെ ഉള്‍ക്കൊള്ളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആളുകളുടെ ആധിക്യം ഈഭാഗം തകര്‍ന്നുവീഴാനിടയാക്കും. അതിനാല്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ പകുതിയില്‍ക്കുറഞ്ഞ ആളുകളെയേ ഈഭാഗത്തേക്ക് അനുവദിക്കൂവെന്ന് പി.ഡബ്ല്യു.ഡി. അറിയിച്ചു. നവീകരണപ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ടുദിവസത്തിനകം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ ടെസ്റ്റിന് മഴഭീഷണിയുമുണ്ട്. ടെസ്റ്റ് തുടങ്ങുന്ന ദിവസം മഴപെയ്യാന്‍ 92 ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. ആദ്യ മൂന്നുദിവസവും മഴയ്ക്ക് നല്ല സാധ്യതയുണ്ടെന്നും ഇടിമിന്നലോടുകൂടിയുള്ള മഴയായിരിക്കുമെന്നും പ്രവചനമുണ്ട്. ആദ്യടെസ്റ്റില്‍ 280 റണ്‍സിന്റെ ജയംനേടിയ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റുപട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നു. താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനെതിരായ മത്സരം മഴകാരണം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇന്ത്യക്ക് തിരിച്ചടിയാവും.
ഒന്നാം ടെസ്റ്റ് നടന്ന ചെപ്പോക്കിലെ പിച്ചില്‍നിന്ന് വ്യത്യസ്തമായി കാണ്‍പുരില്‍ ബൗണ്‍സ് വളരെ കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് പുരോഗമിക്കുന്തോറും പിച്ച് സ്ലോ ആകുമെന്നും കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍, മൂന്നാം ബൗളറായി സ്പിന്നറെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്.
ചെപ്പോക്കില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നീ പേസര്‍മാരും ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരുമാണ് ഇന്ത്യക്കുവേണ്ടി ബൗള്‍ചെയ്തത്. മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ആകാശ്ദീപിനു പകരം കുല്‍ദീപ് യാദവ്/അക്‌സര്‍ പട്ടേല്‍ എന്നിവരിലൊരാളെ ഇലവനില്‍ ഉള്‍പ്പെടുത്തും.