ചണ്ഡീഗഡ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ കൂറ്റൻ സ്കോർ നേടിയിട്ടും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യ തോൽവി വഴങ്ങിയതിന് പിന്നാലെ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് രംഗത്ത്. മുഹമ്മദ് ഷമിയെപ്പോലുള്ള മികച്ച ബൗളർമാരെ ടീം മാനേജ്‌മെന്റ് ഒതുക്കിയെന്നും, പ്രത്യേകിച്ച് ഗൗതം ഗംഭീറിനെയും അജിത് അഗാർക്കറെയും ലക്ഷ്യം വെച്ചാണ് തന്റെ വിമർശനമെന്നും ഹർഭജൻ ഒരു യൂട്യൂബ് ചാനലിലൂടെ ആരോപിച്ചു. വരുൺ ചക്രവർത്തിയെ ഏകദിനങ്ങളിൽ കളിപ്പിച്ചാൽ മധ്യ ഓവറുകളിൽ വിക്കറ്റെടുക്കാൻ കെൽപുള്ള ഒരു ബൗളറെ കൂടി ഇന്ത്യക്ക് ലഭിക്കുമെന്നും ഹർഭജൻ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ് എന്നിവരാണ് പേസർമാരായി ഇന്ത്യൻ നിരയിലുള്ളത്. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് സ്പിൻ നിരയെ നയിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ബാറ്റർമാർ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ബൗളിംഗ് നിരയ്ക്ക് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടീം സെലക്ഷനെയും തന്ത്രങ്ങളെയും ചോദ്യം ചെയ്ത് ഹർഭജൻ രംഗത്തെത്തിയത്.

"മുഹമ്മദ് ഷമി എവിടെ? എന്തുകൊണ്ടാണ് ഷമിയെ കളിപ്പിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല," ഹർഭജൻ ചോദിച്ചു. നിലവിൽ ടീമിലുള്ള പ്രസിദ്ധ് കൃഷ്ണയ്ക്ക് ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്പ്രീത് ബുംറ ടീമിലുള്ളപ്പോൾ ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മൂർച്ചയുണ്ടാകുമെന്നും, ബുംറയില്ലാത്തപ്പോൾ ഇന്ത്യയുടെ ബൗളിംഗ് പരിതാപകരമാണെന്നും ഹർഭജൻ വിലയിരുത്തി. ബുംറയില്ലാതെയും മത്സരങ്ങൾ ജയിക്കാൻ ഇന്ത്യ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യക്ക് മത്സരം ജയിപ്പിക്കാൻ കഴിവുള്ള ബൗളർമാരെ കണ്ടെത്തേണ്ടതുണ്ടെന്ന് ഹർഭജൻ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിൽ ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതും, ബുംറയില്ലാതെ ഇറങ്ങിയ എല്ലാ ടെസ്റ്റുകളും ഇന്ത്യ ജയിച്ചതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്പിൻ നിരയിൽ വിക്കറ്റെടുക്കാൻ കെൽപുള്ള കുൽദീപ് യാദവ് മാത്രമാണുള്ളതെന്നും ഹർഭജൻ പറഞ്ഞു.