ലക്‌നൗ: ഐപിഎല്‍ മെഗാ താരലേലത്തില്‍ റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഇന്ത്യന്‍ താരം ഋഷഭ് പന്തിന്റെ മോശം പ്രകടനം ലക്‌നൗ സൂപ്പര്‍ ജയിന്റ്‌സിന് വലിയ തലവേദനയാകുകയാണ്. ഇപ്പോഴിതാ പന്തിനെ വിമര്‍ശിച്ചു രംഗത്തു വരികയാണ് മുന്‍ ഇന്ത്യന്‍താരം ഹര്‍ഭജന്‍ സിംഗ്.

''സത്യത്തില്‍ ഈ സീസണില്‍ ഇതുവരെ ഋഷഭ് പന്തിന് കാര്യമായിട്ടൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ബാറ്റും പതിവിലും നിശബ്ദമാണ്. പന്ത് സ്ഥിരമായി നേരത്തെ പുറത്താകുന്ന സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റ് അടിയന്തരമായി എന്തെങ്കിലും ചെയ്യേണ്ടി വരും. ടീമിനെ സംബന്ധിച്ച് വലിയൊരു ഞെട്ടല്‍ തന്നെയാണ് പന്തിന്റെ ഫോം' ഹര്‍ഭജന്‍ പറഞ്ഞു.

''ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മുന്നോട്ടു പോകാനാകുന്നില്ല. ടോസ് നഷ്ടമായ ശേഷം പഞ്ചാബിനെതിരെ കാര്യമായി റണ്‍സ് കണ്ടെത്താന്‍ അവര്‍ക്കായില്ല. നിക്കൊളാസ് പുരാന്‍ മികച്ച രീതിയില്‍ കളിച്ചു. പക്ഷേ, ചെഹലിന്റെ അവസരോചിതമായ ഇടപെടലില്‍ പുരാന്‍ വീണു. പുരാന്‍ പുറത്തായതോടെ ലക്‌നൗ തകര്‍ന്ന അവസ്ഥയിലായി.

''അവസാന നിമിഷങ്ങളില്‍ ആയുഷ് ബദോനിയും അബ്ദുല്‍ സമദും ഏതാനും മിന്നലടികളുമായി കളം നിറഞ്ഞതോടെയാണ് ലക്‌നൗവിന് പൊരുതാവുന്ന സ്‌കോര്‍ ലഭിച്ചത്. പക്ഷേ, പഞ്ചാബിന്റെ ബാറ്റിങ് നിരയുടെ കരുത്തു വച്ചു നോക്കുമ്പോള്‍ ആ സ്‌കോറും പ്രതിരോധിക്കാന്‍ പാടായിരുന്നു' ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യന്‍ താരം കെ.എല്‍. രാഹുലിനെ ടീമില്‍ നിലനിര്‍ത്താതെ ലേലത്തിന് വിട്ടാണ്, ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്ക്ക് ലക്‌നൗ ഋഷഭ് പന്തിനെ സ്വന്തമാക്കിയത്. പിന്നീട് ടീമിന്റെ നായകസ്ഥാനവും ഏല്‍പ്പിച്ചു. എന്നാല്‍, സീസണിലെ ആദ്യ മത്സരത്തില്‍ത്തന്നെ തന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പൂജ്യത്തിനു പുറത്തായ പന്ത്, അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 15 റണ്‍സെടുത്തു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെ 2 റണ്‍സിനും പുറത്തായി. ഇതോടെയാണ് താരത്തിന്റെ മോശം ഫോം ക്രിക്കറ്റ് വൃത്തങ്ങളില്‍ ചര്‍ച്ചയായത്.