ന്യൂഡൽഹി: വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ച് ഏകദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ 'ഏറ്റവും എളുപ്പമുള്ള ഫോർമാറ്റ്' തിരഞ്ഞെടുത്തു എന്ന മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറുടെ വാദത്തിനെതിരെ വിമർശനവുമായി മുൻ സ്പിന്നർ ഹർഭജൻ സിംഗ്. ഏതൊരു ഫോർമാറ്റിലും റൺസ് നേടുന്നത് എളുപ്പമല്ലെന്നും കോലിയുടെ ഇന്ത്യൻ ക്രിക്കറ്റിനായുള്ള സംഭാവനകൾ വലുതാണെന്നും ഹർഭജൻ സിംഗ് ഒരു പരിപാടിയിൽ വെച്ച് പ്രതികരിച്ചു. മഞ്ജരേക്കറുടെ കാഴ്ചപ്പാടുകൾ അന്യായവും ഉയർന്ന തലത്തിൽ പ്രകടനം കാഴ്ചവെക്കാൻ വേണ്ടിയുള്ള പ്രയത്നത്തെ നിന്ദിക്കുന്നതുമാണെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

"ഒരു ഫോർമാറ്റിൽ റൺസ് നേടുന്നത് അത്ര എളുപ്പമാണെങ്കിൽ എല്ലാവരും അത് ചെയ്യുമായിരുന്നു. കളിക്കാർ ചെയ്യുന്ന കാര്യങ്ങൾ ആസ്വദിക്കുകയാണ് വേണ്ടത്. അവർ നന്നായി കളിക്കുന്നു, മത്സരങ്ങൾ വിജയിപ്പിക്കുന്നു, റൺസ് നേടുന്നു, വിക്കറ്റുകൾ വീഴ്ത്തുന്നു. അതാണ് പ്രധാനം. ആരാണ് ഏത് ഫോർമാറ്റ് കളിക്കുന്നത് എന്നത് വിഷയമല്ല. വിരാട്, ഒന്നോ അതിലധികമോ ഫോർമാറ്റുകളിൽ കളിക്കുമ്പോഴും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും മത്സരങ്ങൾ വിജയിപ്പിക്കുകയും ചെയ്യുന്ന കളിക്കാരനാണ്," ഹർഭജൻ പറഞ്ഞു. യുവതലമുറയ്ക്ക് പ്രചോദനമായ കോലിയെപ്പോലുള്ള താരങ്ങളാണ് കളിയെ മുന്നോട്ട് നയിക്കുന്നതെന്നും, ഇന്നും ടെസ്റ്റ് ക്രിക്കറ്റ് കളിച്ചാൽ വിരാട് നമ്മുടെ പ്രധാന കളിക്കാരനായിരിക്കുമെന്നും ഹർഭജൻ ഊന്നിപ്പറഞ്ഞു.

മുൻനിര ബാറ്റ്‌സ്മാൻമാർക്ക് ഏകദിന ക്രിക്കറ്റ് ഇപ്പോൾ വളരെ എളുപ്പമാണെന്ന് മഞ്ജരേക്കർ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അഭിപ്രായപ്പെട്ടത്. വ്യത്യസ്ത ഫോർമാറ്റുകളിലെ ബാറ്റിംഗ് ശൈലികൾ താരതമ്യം ചെയ്തുകൊണ്ട്, ടെസ്റ്റിൽ മധ്യനിരയിൽ കളിക്കാൻ ഇഷ്ടപ്പെട്ട പല ഇന്ത്യൻ ബാറ്റ്‌സ്മാൻമാരും ഏകദിനത്തിൽ ഓപ്പണർമാരായി വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദിനത്തിൽ ഫീൽഡിംഗ് നിയന്ത്രണങ്ങൾ കുറവായതിനാൽ മുൻനിര ബാറ്റ്‌സ്മാൻമാർക്ക് കാര്യങ്ങൾ എളുപ്പമാണെന്നും മഞ്ജരേക്കർ വിശദീകരിച്ചു. വിരാട് കോലി ഏകദിന ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമയത്താണ് മഞ്ജരേക്കറുടെ ഈ പരാമർശങ്ങൾ വന്നതെന്നതും ശ്രദ്ധേയമാണ്.