ദുബായി: അബുദാബി ടി10 ലീഗില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാനവാസ് ദഹാനിക്ക് കൈ കൊടുത്ത് ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. ബുധനാഴ്ച നോർത്തേൺ വാരിയേഴ്‌സും ആസ്പിൻ സ്റ്റാളിയൻസും തമ്മിൽ നടന്ന മത്സരത്തിന് ശേഷമാണ് ഇരു താരങ്ങളും കൈ കൊടുത്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയപരമായ പിരിമുറുക്കങ്ങൾ കാരണം ഇന്ത്യ-പാക് മത്സരങ്ങൾക്ക് ശേഷം കളിക്കാർ കൈകൊടുക്കുന്നത് ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു.

ഏഷ്യാ കപ്പിനിടെയുണ്ടായ ഇന്ത്യ-പാക്കിസ്ഥാന്‍ താരങ്ങളുടെ ഹസ്തദാന വിവാദത്തിന്‍റെ ചൂടാറും മുമ്പെയാണ് പുതിയ സംഭവം. 2025-ൽ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ പാക്കിസ്ഥാനെതിരെ കളിക്കുന്നതിൽ നിന്ന് ഹർഭജൻ സിംഗ് ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ പിന്മാറിയിരുന്നു. അന്ന്, "രക്തവും വിയർപ്പും ഒരുമിച്ച് കൊണ്ടുപോകാനാവില്ല" എന്നായിരുന്നു ഹർഭജൻ സ്വീകരിച്ച നിലപാട്. പഹല്‍ഗാം ഭീകരാക്രമണത്തിലും അതിനുശേഷം നടന്ന അതിര്‍ത്തി സംഘര്‍ഷത്തിലും പ്രതിഷേധിച്ചായിരുന്നു അത്.

ടി10 ലീഗിലെ ആവേശകരമായ മത്സരത്തിൽ ഹർഭജൻ നയിച്ച ആസ്പിൻ സ്റ്റാളിയൻസിനെ നാല് റൺസിന് തോൽപിച്ച് വാരിയേഴ്‌സ് വിജയം ഉറപ്പിച്ചിരുന്നു. മത്സരത്തിൽ നോർത്തേൺ വാരിയേഴ്സ് നാല് റൺസിന്റെ നേരിയ വിജയം സ്വന്തമാക്കിയിരുന്നു. അവർ 114 റൺസ് നേടിയപ്പോൾ സ്റ്റാലിയൻസിന് 10 ഓവറിൽ 110 റൺസ് മാത്രമേ നേടാനായുള്ളൂ. നിർണ്ണായകമായ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് ദഹാനിയായിരുന്നു. ദഹാനിയുമായി ഹർഭജൻ സിംഗ് കുശലം പറയുകയും ഹസ്തദാനം ചെയ്യുകയുമായിരുന്നു. എന്നാല്‍ പാക് താരത്തിന് ഹര്‍ഭജന്‍ കൈ കൊടുത്തതിനും സൗഹൃദ സംഭാഷണം നടത്തിയതിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.