മുംബൈ: രോഹിത് ശര്‍മ വിരമിച്ചതോടെ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകനായി ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിക്കാതിരുന്നതിന്റെ യഥാര്‍ത്ഥ കാരണം തുറന്നു പറയാന്‍ സിലക്ടര്‍മാരും പരിശീലകനും ഭയപ്പെടുന്നത് എന്തിനെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. പാണ്ഡ്യയെ നായകസ്ഥാനം ഏല്‍പ്പിക്കാന്‍ താല്‍പര്യമില്ലെന്നിരിക്കെ, കായികക്ഷമതയുടെ പേരു പറഞ്ഞ് ഒളിച്ചുകളിക്കുകയാണെന്ന് ശ്രീകാന്ത് വിമര്‍ശിച്ചു. കായികക്ഷമതയുടെ പേരില്‍ മാത്രമാണ് പാണ്ഡ്യയെ ഒഴിവാക്കിയതെന്ന വാദം താന്‍ വിശ്വസിക്കുന്നില്ലെന്നും ശ്രീകാന്ത് തുറന്നടിച്ചു.

ഡ്രസ്സിംഗ് റൂമില്‍ നിന്ന് ഹാര്‍ദ്ദിക്കിനെക്കുറിച്ചുള്ള മറ്റ് കളിക്കാരുടെ അഭിപ്രായം തേടിയശേഷമാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു.

"ഡ്രസിങ് റൂമില്‍നിന്ന് സ്വരൂപിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പാണ്ഡ്യയെ തഴഞ്ഞ തീരുമാനമെന്ന് കരുതുന്നു. ഐപിഎല്‍ മുതലായിരിക്കും പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കായികക്ഷമതയാണ് പ്രശ്‌നമെന്ന വാദം ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല. ഐപിഎലില്‍ എല്ലാ മത്സരവും കളിച്ച താരമാണ് പാണ്ഡ്യ. അവിടെ പന്തെറിയുകയും ചെയ്തിരുന്നു.

"ഐപിഎലില്‍ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്നതു ശരിയാണ്. ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹം നിരാശപ്പെടുത്തി. അതും ഇതുമായി യാതൊരു ബന്ധവുമില്ല. മുംബൈ ഇന്ത്യന്‍സിന് യോഗ്യത നേടാനുമായില്ല. ലോകകപ്പില്‍ പാണ്ഡ്യ ടീമിന്റെ ഉപനായകനായിരുന്നു. മികച്ച പ്രകടനവും പുറത്തെടുത്തു. അതുകൊണ്ട്, കായികക്ഷമതയാണ് വിഷയമെന്ന് പറഞ്ഞാലും ഞാന്‍ അംഗീകരിക്കില്ല.

"സൂര്യകുമാര്‍ നല്ല വ്യക്തിയാണ്. അദ്ദേഹത്തെ എനിക്ക് ഇഷ്ടവുമാണ്. അതുപോലെയാണ് ഹാര്‍ദിക്കിന്റെ കാര്യത്തിലും. അദ്ദേഹത്തെ ക്യാപ്റ്റനാക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അതു നേരിട്ടു പറയുന്നതായിരുന്നു അഭികാമ്യം. താങ്കളെ ക്യാപ്റ്റനാക്കാന്‍ താല്‍പര്യമില്ല, സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുക്കുന്നുവെന്ന് നേരിട്ടു പറയണമായിരുന്നു. ഇത്തരം കാര്യങ്ങള്‍ വ്യക്തമായിത്തന്നെ പറയണം. അതില്‍ ഭയപ്പെടേണ്ട കാര്യമില്ല' ശ്രീകാന്ത് വിശദീകരിച്ചു.

ഭാവി മുന്നില്‍ കണ്ട് സൂര്യകുമാറിനെയാണ് ഇനി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുക എന്ന് പേടിയില്ലാതെ പറയാന്‍ സെലക്ടര്‍മാര്‍ക്ക് കഴിയണമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. നേരത്തെ ഋതുരാജ് ഗെയ്ക്വാദിനെ ട്വന്റി 20 ടീമില്‍ നിന്നൊഴിവാക്കിയതിനെതിരെയും ശ്രീകാന്ത് വിമര്‍ശിച്ചിരുന്നു. ടീമിലെ സ്വാഭാവിക ചോയ്‌സായിരുന്നു ഋതുരാജെന്നും എന്നാല്‍ ശുഭ്മാന്‍ ഗില്ലിനെയാണ് സെലക്ടര്‍മാര്‍ ടീ20 ടീമിലെടുത്തതെന്നും ശ്രീകാന്ത് പറഞ്ഞിരുന്നു. എല്ലാവര്‍ക്കും ശുഭ്മാന്‍ ഗില്ലിനെപ്പോലെ നല്ലരാശിയില്‍ ജനിക്കാന്‍ ആവില്ലല്ലോ എന്നും ടി20ക്ക് പറ്റിയ കളിക്കാരനെയല്ല ഗില്ലെന്നും ശ്രീകാന്ത് പറഞ്ഞിരുന്നു.