- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
35 സിക്സും 14 ഫോറും, 141 പന്തില്‍ നേടിയത് 314 റണ്‍സ്; ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ ഓസ്ട്രേലിയൻ ബാറ്റർ
സിഡ്നി: ഓസ്ട്രേലിയൻ ഗ്രേഡ് ക്രിക്കറ്റിൽ അവിസ്മരണീയ ബാറ്റിംഗ് പ്രകടനത്തിലൂടെ റെക്കോർഡുകളുമായി ഇന്ത്യൻ വംശജനായ 20-കാരൻ ഹർജാസ് സിംഗ്. 50 ഓവർ മത്സരത്തിൽ വെറും 141 പന്തുകളിൽ നിന്ന് 314 റൺസ് നേടിയ താരം 35 സിക്സറുകളും 14 ഫോറുകളുമാണ് അടിച്ചു കൂട്ടിയത്. വെസ്റ്റേൺ സബർബ്‌സ് ടീമിനായി കളിച്ച ഹർജാസ് സിഡ്നി ക്രിക്കറ്റ് ക്ലബ് ബൗളർമാരെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി.
ഗ്രേഡ് ലെവൽ ക്രിക്കറ്റിന്റെ 50 ഓവർ ഫോർമാറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഹർജാസിന് ലഭിച്ചു. ദ്വിദിന മത്സരങ്ങളിൽ വെസ്റ്റേൺ സബർബ്‌സിനായി കളിച്ച ബോബ് സിംപ്‌സന്റെ 229 റൺസെന്ന റെക്കോർഡും ഹർജാസ് പഴങ്കഥയാക്കി. സിഡ്നി ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളിൽ മൂന്നാം സ്ഥാനക്കാരനായും ഹർജാസ് ഇടംപിടിച്ചു.
1903-ൽ വിക്ടർ ട്രംപർ നേടിയ 335 റൺസാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ഫിൽ ജാക്സൺ 2007-ൽ നേടിയ 321 റൺസാണ് രണ്ടാം സ്ഥാനത്ത്. ഹർജാസ് തന്റെ സെഞ്ച്വറിയിലെത്തിയത് വെറും 74 പന്തുകളിലാണ്. അടുത്ത 214 റൺസ് നേടാൻ വെറും 67 പന്തുകൾ മാത്രമാണ് അദ്ദേഹം എടുത്തത്. ഈ വർഷം ആദ്യം നടന്ന അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയ കിരീടം ചൂടുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഹർജാസ് സിംഗ്.