മുംബൈ: പ്രായം 34 ആയി. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിട്ടും വര്‍ഷങ്ങളായി. എന്നാലും തന്റെ ബൗളിങ് പ്രകടനത്തിലും മികവിലും ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിച്ച് ഭുവനേശ്വര്‍ കുമാര്‍. ഐപിഎല്‍ മെഗാ താരലേലത്തില്‍ ഭുവനേശ്വറിനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 10.75 കോടി രൂപയ്ക്ക് വിളിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ക്കുള്ള മറുപടി കൂടിയായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ താരം നേടിയ ഹാട്രിക്ക് നേട്ടം. കരിയര്‍ അവസാനത്തിലെത്തി നില്‍ക്കുന്ന, ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിട്ട് വര്‍ഷങ്ങളായിട്ടുള്ള താരത്തെ പത്ത് കോടിക്ക് മുകളില്‍ വിളിച്ചത് നഷ്ടമാണെന്ന അഭിപ്രായവുമായി പല ക്രിക്കറ്റ് വിദഗ്ധരും ആരാധകരും അന്ന് രംഗത്തെത്തിയിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇഷാന്‍ കിഷന്‍ ഉള്‍പ്പെടുന്ന ജാര്‍ഖണ്ഡിനെതിരെയാണ് ഉത്തര്‍പ്രദേശ് ക്യാപ്റ്റന്‍ കൂടിയായ ഭുവനേശ്വര്‍ കുമാറിന്റെ ഹാട്രിക് പ്രകടനം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം ആറു റണ്‍സ് മാത്രം വഴങ്ങി ഭുവി വീഴ്ത്തിയത് മൂന്നു വിക്കറ്റ്. താരത്തിന്റെ മികച്ച പ്രകടനത്തില്‍ മത്സരം ഉത്തര്‍പ്രദേശ് 10 റണ്‍സിന് വിജയിക്കുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തര്‍പ്രദേശ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ജാര്‍ഖണ്ഡ് നേടിയത് 150 റണ്‍സ്. 17ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ നിന്നായിരുന്നു താരം വിക്കറ്റ് നേടിയത്. റോബിന്‍ മിന്‍സ്, ബാല്‍ കൃഷ്ണ, വിവേകാനന്ദ് ദിവാരി എന്നിവരെയാണ് തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കിയത്. ജാര്‍ഖണ്ഡിന് വേണ്ടി അനുകൂല്‍ റോയ് 44 പന്തില്‍ എട്ടു ഫോറുകളും ഏഴു സിക്‌സറുകളും അടക്കം 91 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. നേരത്തെ റിങ്കു സിങ് (45), പ്രിയം ഗാര്‍ഗ് ( 31) തുടങ്ങിയവരുടെ പ്രകടനമാണ് ഉത്തര്‍പ്രദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.