- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരളിലെ കാൻസർ ബാധയെ തുടർന്ന് കുഴഞ്ഞു വീണ താരം ആശുപത്രിയിലായത് മേയിൽ; പ്രാർത്ഥനകളൊന്നും ഫലിച്ചില്ല; സിംബാബ് വെ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ; ഓൾറൗണ്ടറെ അർബ്ബുദം കൊണ്ടു പോകുന്നത് 49-ാം വയസ്സിൽ; വിക്കറ്റു വേട്ടയിൽ രാജ്യത്തെ ഒന്നാമൻ; ഒടുവിൽ വാതുവയ്പ്പ് കുരുക്കും; ഹീത്ത് സ്ട്രീക്ക് ഇനി ഓർമ്മ
ഹരാരെ: സിംബാബ്വെ ക്രിക്കറ്റ് ടീം മുൻ നായകൻ ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. സിംബാബ്വെക്കു വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. സിംബാബ് വെയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളായിരുന്നു. സിംബാബ് വെ ക്രിക്കറ്റിലെ മിന്നും താരമായിരുന്നു സ്ട്രീക്ക്.
സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. ഭാര്യ നാദിൻ സ്ട്രീക്കാണു മരണ വിവരം സ്ഥിരീകരിച്ചത്. അർബുദബാധിതനായി ചികിത്സയിലായിരുന്നു. സിംബാബ്വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക്, 2005ലാണ് വിരമിച്ചത്.
ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന് ദിവസങ്ങൾക്ക് മുമ്പ് അന്തർദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയത് കായികലോകത്ത് വലിയ വിവാദമായിരുന്നു. പിന്നാലെ സ്ട്രീക്ക് തന്നെ നേരിട്ട് രംഗത്തെത്തി തന്റെ മരണവാർത്ത നിഷേധിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകൾ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും താൻ അർബുദത്തിൽ നിന്ന് തിരിച്ചുവരികയാണെന്നും സ്ട്രീക്ക് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടുവെന്നും ചികിൽസയുടെ ചെറിയ ബുദ്ധിമുട്ടുകളൊഴിച്ചാൽ സുഖമായിരിക്കുന്നുവെന്നും സ്ട്രീക്ക് പറഞ്ഞ് ദിവസങ്ങൾക്കകമാണ് മരണവാർത്തയെത്തുന്നത്.
സിംബാബ്വെയുടെ ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് സ്ട്രീക്ക്. 65 ടെസ്റ്റുകളിൽ നിന്നായി 216 വിക്കറ്റുകളാണ് സ്ട്രീക്ക് വീഴ്‌ത്തിയത്. 100 ടെസ്റ്റ് വിക്കറ്റ് നേടിയ ഏക സിംബാബ്വെ ഫാസ്റ്റ് ബൗളറും സ്ട്രീക്കാണ്. ടെസ്റ്റിൽ 1000 റൺസും 100 വിക്കറ്റും നേടിയ ഏക സിംബാബ്വെ താരവുമാണ്. ഏകദിനത്തിൽ 239 വിക്കറ്റുകളും സ്ട്രീക്ക് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 2000 റൺസും സ്ട്രീക്ക് സ്വന്തമാക്കി.
2005 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം, ബംഗ്ലാദേശ്, സിംബാബ് വെ ടീമുകളുടെയും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. സിംബാബ്വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക്, 2005ലാണ് വിരമിച്ചത്. 1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്വെയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട കായികതാരമാണ് സ്ട്രീക്ക്.
2000 മുതൽ 2004 വരെ സ്ട്രീക്ക് സിംബാബ്വെ ടീമിനെ നയിച്ചു. 2004ൽ ബോർഡുമായുള്ള ഭിന്നതയെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജിവച്ചു. ഒരുവർഷത്തിനുശേഷം തന്റെ 31ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിക്കുകയും ചെയ്തു. 2009ൽ ദേശീയ ടീമിന്റെ ബൗളിങ് കോച്ചായി സ്ട്രീക്കിനെ നിയമിച്ചു. 2021ൽ, സ്ട്രീക്ക് ഭാഗമായിരുന്ന ഫ്രാഞ്ചൈസി ലീഗിനിടെ കളിക്കാരുമായി ബന്ധപ്പെടാൻ ഒരു വാതുവെപ്പുകാരനെ സഹായിച്ചതിന് സ്ട്രീക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ഐസിസിയുടെ അഴിമതി വിരുദ്ധ നയങ്ങൾ ലംഘിച്ചതിന് എട്ട് വർഷത്തേക്ക് എല്ലാ ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിലക്കപ്പെട്ടു. ഐസിസിയുടെ വിലക്ക് അംഗീകരിച്ചെങ്കിലും തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു ഹീത്ത് സ്ട്രീക്ക്. ടെസ്റ്റിൽ ഏഴ് തവണ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. കൂടുതൽ തവണ സിംബാബ്വെയ്ക്ക് വേണ്ടി ടെസ്റ്റിൽ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബൗളറെന്ന റെക്കോർഡും സ്ട്രീക്കിന്റെ പേരിലാണ്.
കരളിലെ കാൻസർ ബാധയെ തുടർന്ന് കുഴഞ്ഞു വീണ താരത്തെ കഴിഞ്ഞ മേയിൽ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഒരിക്കലും അസുഖത്തെ അതിജീവിക്കാൻ താരത്തിനായില്ല.




