കൊൽക്കത്ത: ഐ.പി.എൽ പത്തൊമ്പതാം സീസണിൽ ഗാലറിയിലേക്ക് ഉയർന്നുപറക്കുന്ന ഓരോ സിക്സറിനും ഇനി ഇരട്ടി മധുരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റർമാർ നേടുന്ന ഓരോ സിക്സറിനും പകരമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ 6 kW ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുമെന്ന് ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ 'വിഡ' പ്രഖ്യാപിച്ചു. കളിയിലെ പ്രകടനം രാജ്യത്തെ ഇലക്ട്രിക് വാഹന സൗകര്യങ്ങളുടെ വികസനത്തിന് നേരിട്ട് വഴിയൊരുക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.

വിഡ പുറത്തിറക്കുന്ന 6 kW ഫാസ്റ്റ് ചാർജറുകൾ ഉപയോഗിച്ച് ഇലക്ട്രിക് സ്കൂട്ടറുകൾ വെറും ഒരു മണിക്കൂറിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങൾക്ക് പുറമെ ദീർഘദൂര യാത്രക്കാരെ സഹായിക്കുന്നതിനായി ഹൈവേകളിലും ഇത്തരം ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും. കെ.കെ.ആറിനോടുള്ള ആദരസൂചകമായി ടീമിന്റെ പ്രത്യേക നിറങ്ങളിലാകും ഈ ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുക.

"ക്രിക്കറ്റ് എന്ന വികാരം രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കുന്നതാണ്. ‘6 ഫോർ 6’ കാമ്പയിനിലൂടെ മൈതാനത്തെ ഓരോ ഹിറ്റിനെയും ഭാവിയിലേക്കുള്ള സുസ്ഥിരമായ യാത്രാ ചുവടുവെപ്പാക്കി മാറ്റാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്." - കൗസല്യ നന്ദകുമാർ (ചീഫ് ബിസിനസ് ഓഫീസർ, ഹീറോ മോട്ടോകോർപ്പ്)

പദ്ധതിയുടെ ഭാഗമായി നൈറ്റ് റൈഡേഴ്‌സ് ആരാധകർക്കായി VX2 Plus കെ.കെ.ആർ. ലിമിറ്റഡ് എഡിഷൻ സ്കൂട്ടറും വിഡ വിപണിയിലിറക്കി. ടീമിന്റെ ഐക്കണിക് നിറങ്ങളായ പർപ്പിൾ, ഗോൾഡ് എന്നിവയിലാണ് ഈ സ്പെഷ്യൽ എഡിഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. കെ.കെ.ആർ. താരങ്ങൾ സിക്സറുകൾ വാരിക്കൂട്ടുമ്പോൾ അത് രാജ്യത്തെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് പുത്തൻ കരുത്താകുമെന്ന ആവേശത്തിലാണ് ആരാധകരും പരിസ്ഥിതി പ്രവർത്തകരും.