ഗ്വാളിയോർ: ഇന്ത്യ-ബംഗ്ലാദേശ് ടി20 ക്രിക്കറ്റ് മത്സരം നടക്കാനിരിക്കുന്ന ഒക്ടോബർ 6ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ബന്ദിന് ആഹ്വാനം. അയൽരാജ്യമായ ബംഗ്ളാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു മഹാസഭയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗ്വാളിയോറിലെ മാധവ റാവു സിന്ധ്യ സ്റ്റേഡിയത്തിലാണ് മത്സരം. അവശ്യസാധനങ്ങൾക്ക് നിരോധനം ഉണ്ടാകില്ലെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെട്ടുവെന്നും ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്‍റ് ജയ്‌വീര്‍ ഭരദ്വാജ് ആരോപിച്ചു. ഗ്വാളിയോറിൽ ബംഗ്ളാദേശുമായുള്ള മത്സരം നടത്താൻ അനുവദിക്കില്ലെന്നും, ടീം മത്സരത്തിനായി എത്തുമ്പോൾ പ്രതിഷേധവുമായി തങ്ങളുണ്ടാവുമെന്നും ജയ്‌വീർ പറഞ്ഞു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ഈ സാഹചര്യത്തിൽ ബംഗ്ലാദേശുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്നും, മത്സരം റദ്ദാക്കിയില്ലെങ്കിൽ പിച്ച് നശിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രധിഷേധങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീഷണി നിലനിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും, നഗരത്തിലെ ക്രമസമാധാന നിലയ്ക്ക് ഭീഷണിയുണ്ടാകാൻ സാധ്യതയില്ലെന്നും എന്നാലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

30,000 പേർക്ക് ഇരിക്കാവുന്ന ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു രാജ്യാന്തര ടി20 മത്സരം നടക്കുന്നത്. 2010ലായിരുന്നു ഇവിടെ അവസാന രാജ്യാന്തര മത്സരം നടന്നത്. ഏകദിനത്തിൽ ആദ്യമായ് ഡബിൾ സെഞ്ചുറി സച്ചിൻ ടെണ്ടുൽക്കർ നേടിയത് ഇതേ സ്റ്റേഡിയത്തിലായിരുന്നു. 2010 ൽ ദക്ഷണാഫ്രിക്കക്കെതിരെ നടന്ന മത്സരരത്തിലായിരുന്നു മാസ്റ്റർ ബ്ലാസ്റ്റർ ഈ നേട്ടം കൈവരിച്ചത്.

'പോലീസിൻ്റെ വിലയിരുത്തലിൽ ഇത് വലിയ ഭീഷണിയായി കണക്കാക്കിയിട്ടില്ല. കഴിഞ്ഞ മാസവും ഇവർ ഭീഷണിയുമായി വന്നിരുന്നു. എന്നാൽ അനിഷ്ട സംഭവങ്ങളോ സ്റ്റേഡിയത്തിന് കേടുപാടുകളോ സംഭവിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്' മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അതികൃതർ പറഞ്ഞു.