- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെല്ലെറിവ് ഓവലിൽ ലിസെൽ ലീയുടെ വെടിക്കെട്ട്; വനിതാ ബിഗ് ബാഷ് ലീഗിൽ കന്നി കിരീടത്തിൽ മുത്തമിട്ട് ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ്; പെർത്ത് സ്കോർച്ചേഴ്സിനെ പരാജയപ്പെടുത്തിയത് 8 വിക്കറ്റിന്
ഹോബാർട്ട്: വനിതാ ബിഗ് ബാഷ് ലീഗ് ചരിത്രത്തില്‍ ആദ്യമായി കിരീടം സ്വന്തമാക്കി ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ്. ആവേശകരമായ ഫൈനലിൽ പെർത്ത് സ്കോർച്ചേഴ്സിനെ 8 വിക്കറ്റിന് തകർത്താണ് ഹരികെയ്ൻസ് തങ്ങളുടെ കന്നി കിരീടത്തിൽ മുത്തമിട്ടത്. ദക്ഷിണാഫ്രിക്കന്‍ താരവും ഈ വര്‍ഷത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച താരവുമായ ലിസല്‍ ലീയുടെ വെടിക്കെട്ട് ബാറ്റിങാണ് ഹൊബാര്‍ട്ടിനു ജയമൊരുക്കിയത്. താരം 4 സിക്‌സും 10 ഫോറും സഹിതം 44 പന്തില്‍ 77 റണ്‍സുമായി പുറത്താകാതെ നിന്നു.
ഹോബാർട്ടിലെ ബെല്ലെറിവ് ഓവലിൽ നടന്ന ഫൈനലിൽ, ആദ്യം ബാറ്റ് ചെയ്ത പെർത്ത് സ്കോർച്ചേഴ്സ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. സ്കോർച്ചേഴ്സിനായി സോഫി ഡിവൈൻ (34), ബെത്ത് മൂണി (33) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും, ഹരികെയ്ൻസിൻ്റെ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി സ്കോറിംഗിന് തടയിട്ടു. ഹോബാർട്ടിനായി ലിൻസി സ്മിത്ത്, ഹെതർ ഗ്രഹാം എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോബാർട്ട് ഹരികെയ്ൻസിനായി ഓപ്പണർ ലിസെൽ ലീ തകർപ്പൻ പ്രകടനമാണ് നടത്തിയത്.
ദക്ഷിണാഫ്രിക്കൻ താരമായ ലീ 44 പന്തിൽ 10 ഫോറുകളും 4 സിക്സറുകളും സഹിതം 77 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡും ലീ സ്വന്തമാക്കി. ഡാനി വ്യാറ്റ്-ഹോഡ്ജ് (16), നാറ്റ് സ്കൈവർ-ബ്രണ്ട് (35) എന്നിവരുടെ പിന്തുണയോടെ ലീയുടെ വെടിക്കെട്ട് ബാറ്റിംഗിൽ 15 ഓവറിൽ തന്നെ വിജയലക്ഷ്യം ഹോബാർട്ട് മറികടന്നു. 30 പന്തുകൾ ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 141 റൺസ് നേടിയാണ് ഹറികെയ്ൻസ് ചരിത്ര വിജയം സ്വന്തമാക്കിയത്.
മിന്നുന്ന പ്രകടനം കാഴ്ചവെച്ച ലിസെൽ ലീയാണ് പ്ലെയർ ഓഫ് ദി മാച്ച്. കഴിഞ്ഞ വർഷം പുരുഷന്മാരുടെ ബിഗ് ബാഷ് ലീഗ് കിരീടവും ഹോബാർട്ട് സ്വന്തമാക്കിയിരുന്നു. ഇതോടെ ബിഗ് ബാഷ് ലീഗിൽ ഡബിൾ കിരീടം നേടുന്ന ഫ്രാഞ്ചൈസികളുടെ പട്ടികയിലേക്ക് ഹറികെയ്ൻസും എത്തി. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി ഫൈനലിൽ പ്രവേശിച്ച ഹരികെയ്ൻസിന്റെ കന്നി കിരീടമാണിത്.




