ദുബായ്: വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി. ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ എന്നിവർ ടീമിൽ ഇടം നേടി. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡിനാണ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം.

ടൂർണമെൻ്റിൽ റണ്ണറപ്പായ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ലോറ വോൾവാർഡ്, രണ്ട് സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 71.37 ശരാശരിയിൽ 571 റൺസ് നേടിയ പ്രകടനമാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നയിച്ചത്. ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന, ലോറക്കൊപ്പം ഓപ്പണറായി ടീമിലെത്തി. ടൂർണമെൻ്റിൽ 434 റൺസ് നേടിയ സ്മൃതി ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ പുറത്താകാതെ സെഞ്ച്വറി നേടിയ ജമീമ റോഡ്രിഗസ് മൂന്നാം സ്ഥാനത്ത് ഇടം നേടി.

ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ദീപ്തി ശർമ്മയാണ് ടീമിലെ മൂന്നാമത്തെ ഇന്ത്യൻ താരം. ഫൈനലിൽ അഞ്ച് വിക്കറ്റ് ഉൾപ്പെടെ 22 വിക്കറ്റും മൂന്ന് അർദ്ധ സെഞ്ച്വറി ഉൾപ്പെടെ 215 റൺസും ദീപ്തി നേടി. ഓസ്ട്രേലിയയുടെ ആഷ് ഗാർഡ്നർ, ഇംഗ്ലണ്ടിൻ്റെ സോഫി എക്ലെസ്റ്റോൺ തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഓസ്ട്രേലിയയുടെ അനാബെൽ സതർലാൻഡ്, ദക്ഷിണാഫ്രിക്കയുടെ നദീൻ ഡി ക്ലെർക്ക്, പാക്കിസ്ഥാൻ്റെ സിദ്ര നവാസ്, ഓസ്ട്രേലിയയുടെ അലാന കിംഗ് എന്നിവരും ടീമിൽ ഇടം നേടിയ താരങ്ങളാണ്. ഇംഗ്ലണ്ടിൻ്റെ നാറ്റ് സ്കൈവർ ബ്രണ്ട് ആണ് ടീമിലെ പന്ത്രണ്ടാമത്തെ താരം.