ദുബായ്: ഐസിസി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി. ബാറ്റര്‍മാരില്‍ പാക് താരം ബാബര്‍ അസം തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലെ മികച്ച പ്രകടനമാണ് ഷഹീന് തുണയായത്. ഓസിസിനെതിരെ ചരിത്രവിജയം നേടാനും പാകിസ്ഥാന് കഴിഞ്ഞു.

പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഷഹീന്‍ എട്ടുവിക്കറ്റുകള്‍ നേടി. ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്തതില്‍ രണ്ടാമത്തെ താരവും ഷഹീന്‍ തന്നെയാണ്. സൗത്ത് ആഫ്രിക്കയുടെ കേശവ് മഹാരാജിനെ പിന്തള്ളിയാണ് ഷഹീന്‍ ഒന്നാമത് എത്തിയത്. അഫ്ഗാന്റെ റാഷിദ് ഖാനാണ് പട്ടികയില്‍ രണ്ടാമത്. കേശവ് മഹാരാജ് മൂന്നാമതും നാലാമത് ഇന്ത്യന്‍താരം കുല്‍ദീപ് യാദവുമാണ്.

ആദ്യപത്തില്‍ കുല്‍ദീപിനെ കൂടാതെ ബുംറയും മുഹമ്മദ് സിറാജും ഇടം പിടിച്ചു. പട്ടികയില്‍ ബുംറ അഞ്ചാമതും സിറാജ് എട്ടാമതുമാണ്. ഷഹീന്റെ കൂട്ടാളിയായ ഹാരിസ് റൗഫ് പതിനാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പട്ടികയില്‍ പതിമൂന്നാമതെത്തി. ഹാരിസ് ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ പത്തുവിക്കറ്റുകള്‍ നേടുകയും പ്ലെയര്‍ ഓഫ് ദി സീരിസ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഓസ്ട്രേലിയക്കെതിരെ നേടിയ 80 റണ്‍സ് പ്രകടനമാണ് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഒന്നാമത് എത്തിച്ചത്. പാക് ക്യാപ്റ്റന്‍ റിസ് വാനും പട്ടികയില്‍ നില മെച്ചപ്പെടുത്തി. ബാറ്റിങില്‍ രോഹിത് ശര്‍മയാണ് രണ്ടാമത്. ശുഭ്മാന്‍ ഗില്‍ മൂന്നാമതും വിരാട് കോഹ് ലി നാലാമതുമാണ്.