ചാമ്പ്യന്‍സ് ട്രോഫി 2025 ലെ മത്സരങ്ങള്‍ മികച്ച രീതിയില്‍ നടത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നന്ദി അറിയിച്ച് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. ടൂര്‍ണമെന്റില്‍ ഉടനീളം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വന്‍ വിവാദങ്ങളെ നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലും മികച്ച രീതിയില്‍ ടൂര്‍ണമെന്റ് നടത്തിയതിന് കൈയടി അര്‍ഹിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്

29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാക്കിസ്ഥാന്‍ ഒരു പ്രധാന ഐസിസി ടൂര്‍ണമെന്റിന്റെ ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യ അവിടേക്ക് പോകില്ല എന്ന് അറിയിച്ചതിലൂടെ ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ ദുബായില്‍ നടത്തി. തുടര്‍ന്ന് ഫൈനലിലേക്ക് ഇന്ത്യ പ്രവേശിച്ചതിലൂടെ ആ മത്സരവും ദുബായില്‍ വെച്ച് നടത്തപെടേണ്ടി വന്നു.

കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നീ മൂന്ന് പ്രമുഖ പാക്കിസ്താന്‍ നഗരങ്ങളിലായി ആകെ 15 മത്സരങ്ങള്‍ നടന്നു. കൂടാതെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ വെച്ചും നടത്തപ്പെട്ടു. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനലില്‍ പിസിബിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുമൈര്‍ അഹമ്മദ് സയ്യിദ് പങ്കെടുത്തിരുന്നുവെങ്കിലും സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.

അദ്ദേഹത്തിനെ ക്ഷണിക്കാത്തതില്‍ ഐസിസി വിശദീകരണം നല്‍കിയിരുന്നു. 'പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയര്‍മാന്‍ അല്ലെങ്കില്‍ സിഇഒ പോലുള്ള ആതിഥേയ ബോര്‍ഡിന്റെ തലവനെ മാത്രമേ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഐസിസി ക്ഷണിക്കുന്നുള്ളൂ. മറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍, വേദിയില്‍ ഉണ്ടായിരുന്നെങ്കില്‍ പോലും, വേദി നടപടിക്രമങ്ങളുടെ ഭാഗമാകില്ല'' ഐസിസി അധികൃതര്‍ വ്യക്തമാക്കി.