ഗീലോങ്: ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് എയിലെ ആവേശപ്പോരാട്ടത്തിൽ യുഎഇയെ മൂന്ന് വിക്കറ്റിന് വീഴ്‌ത്തി നെതർലൻഡ്‌സ്. 112 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്‌സ് 76-6ലേക്ക് വീണെങ്കിലും അവസാന ഓവറുകളിൽ ടിം പ്രിംഗിളും(15) സ്‌കോട് എഡ്വേർഡ്‌സും(16*) ചേർന്ന് നടത്തിയ പോരാട്ടത്തിനൊടുവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിർത്തി നെതർലൻഡ്‌സ് ലക്ഷ്യത്തിലെത്തി.

ലോഗാൻ വാൻ ബീക്കും(4*) വിജയത്തിൽ എഡ്വേർഡ്‌സിന് കൂട്ടായി. യുഎഇക്കായി ഒരോവറിൽ രണ്ട് വിക്കറ്റ് അടക്കം മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജുനൈദ് സിദ്ദീഖ് ബൗളിംഗിൽ തിളങ്ങി. സ്‌കോർ യുഎഇ 20 ഓവറിൽ 111-8, നെതർലൻഡ്‌സ് 19.5 ഓവറിൽ 112-7.ഈ വിജയത്തോടെ ഗ്രൂപ്പ് എ-യിൽ നെതർലൻഡ്സ് രണ്ടാം സ്ഥാനത്തെത്തി.

ആദ്യം ബാറ്റുചെയ്ത യു.എ.ഇ. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 111 റൺസാണ് നേടിയത്. 47 പന്തുകളിൽ നിന്ന് 41 റൺസെടുത്ത ഓപ്പണർ മുഹമ്മദ് വസീമാണ് ടീമിന്റെ ടോപ്സ്‌കോറർ. 18 റൺസ് നേടിയ വൃത്യ അരവിന്ദും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാൽ അവസാന ഓവറുകളിൽ യു.എ.ഇ. ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു. ആറുബാറ്റർമാർക്ക് രണ്ടക്കം പോലും കാണാനായില്ല. നെതർലൻഡ്സിനായി ബാസ് ഡി ലീഡി മൂന്നോവറിൽ 19 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. ഫ്രെഡ് ക്ലാസൻ രണ്ട് വിക്കറ്റ് നേടി.

112 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറുകളിൽ അടിച്ചുതകർത്ത ഓപ്പണർമാക്സ് ഓ ഡൗഡിന്റെ കരുത്തിൽ ടീം കുതിച്ചു. എന്നാൽ മധ്യ ഓവറുകളിൽ നന്നായി പന്തെറിഞ്ഞ് യു.എ.ഇ. മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇതോടെ നെതർലൻഡ്സിന് 76 റൺസെടുക്കുന്നതിനിടെ ആറുവിക്കറ്റുകൾ നഷ്ടമായി. ഈ സമയത്ത് ക്രീസിലൊന്നിച്ച നായകൻ സ്‌കോട്ട് എഡ്വാർഡ്സും ടിം പ്രിംഗിളും വലിയ തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ച് വിജയത്തിലേക്ക് നടിച്ചു.

ഒരു ഘട്ടത്തിൽ വിജയം നേടുമെന്ന് തോന്നിച്ച യു.എ.ഇ. പടിക്കൽ കലമുടയ്ക്കുകയായിരുന്നു. മത്സരത്തിൽ നിർണായകമായത് ടിം പ്രിംഗിളിന്റെ ക്യാച്ചാണ്. നേരിട്ട ആദ്യ പന്തിൽ തന്നെ പ്രിംഗിൾ പുറത്താവേണ്ടതായിരുന്നു എന്നാൽ പ്രിംഗിളിന്റെ ക്യാച്ച് യു.എ.ഇ. നായകനും മലയാളിയുമായ സി.പി.റിസ്വാൻ വിട്ടുകളഞ്ഞത് കളിയിൽ നിർണായകമായി. ജീവൻ ലഭിച്ച പ്രിംഗിൾ അവസാന ഓവറുകളിൽ നേടിയ 15 റൺസ് കളിയുടെ ഗതിമാറ്റി. 19-ാം ഓവറിൽ പുറത്താകുമ്പോൾ താരം ടീമിനെ വിജയതീരത്തിനടുത്തെത്തിച്ചിരുന്നു.

അവസാന ഓവറിൽ നെതർലൻഡ്സിന് വിജയിക്കാൻ ആറുറൺസായിരുന്നു വേണ്ടിയിരുന്നത്. നായകൻ സ്‌കോട്ട് എഡ്വർഡ്സും ലോഗൻ വാൻ ബീക്കുമാണ് ക്രീസിലുണ്ടായത്. സവാർ ഫരീദിനെയാണ് യു.എ.ഇ. നായകൻ റിസ്വാൻ അവസാന ഓവർ ചെയ്യാനായി പന്തേൽപ്പിച്ചത്. ആദ്യ മൂന്ന് പന്തിൽ ഓരോ റൺ വീതം വഴങ്ങിയ ഫരീദ് നാലാം പന്തിൽ രണ്ട് റൺസ് വിട്ടുനൽകി. ഇതോടെ രണ്ട് പന്തിൽ ഒരു റണ്ണായി നെതർലൻഡ്സിന്റെ വിജയം. അഞ്ചാം പന്തിൽ വിജയറൺ നേടിക്കൊണ്ട് നെതർലൻഡ്സ് നായകൻ സ്‌കോട്ട് എഡ്വാർഡ്സ് ടീമിന് വിജയം സമ്മാനിച്ചു.

നെതർലൻഡ്സിനുവേണ്ടി ഓ ഡൗഡ് 23 റൺസെടുത്തപ്പോൾ കോളിൻ അക്കർമാൻ 17 റൺസ് നേടി. നായകൻ സ്‌കോട്ട് എഡ്വാർഡ്സ് 16 റൺസെടുത്തും ലോഗൻ നാല് റൺസ് നേടിയും പുറത്താവാതെ നിന്നു. യു.എ.ഇയ്ക്കായി ജുനൈദ് സിദ്ദിഖ് നാലോവറിൽ 24 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്തപ്പോൾ ബേസിൽ ഹമീദ്, ആയൻ, മെയ്യപ്പൻ, സഹൂർ ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.