ദുബായ്: ഐസിസിട ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മിന്നും പ്രകടനമാണ് ബുംറ റാങ്കില്‍ ഒന്നാമത് തന്നെ തുടരാന്‍ സഹായകമായത്. മികച്ച റേറ്റിങ് പോയിന്റിലുമാണ് താരം ഇപ്പോള്‍. 908 പോയിന്റോടെയാണ് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് (841), ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയ്ക്ക് (837) പോയിന്റുമായി രണ്ടും മൂന്നൂം സ്ഥാനങ്ങളില്‍ തുടരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം നേടിയ പാകിസ്ഥാന്‍ താരം നൊമാന്‍ ആലി ആദ്യപത്തില്‍ ഇടം നേടി. രവീന്ദ്ര ജഡേജ പട്ടികയില്‍ പത്താം സ്ഥാനത്താണ്.

അതേസമയം ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാമത്. 895 പോയിന്റുമായാണ് റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇംഗ്ലണ്ട് താരമായ ഹാരി ബ്രൂക്കും കിവീസ് താരം കെയിന്‍ വില്യംസണുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളില്‍ യശ്വസി ജയസ്വാള്‍ നാലാം സ്ഥാനത്തും റിഷഭ് പന്ത് പത്താം സ്ഥാനത്തും ഉണ്ട്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജയാണ് ഒന്നാം സ്ഥാനത്ത്.