ദുബായ്: കഴിഞ്ഞ ദിവസം ടി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്നു. പരാജയപ്പെട്ടിരുന്നെങ്കില്‍ ടൂര്‍ണ്ണമെന്റില്‍ നിന്നു തന്നെ പുറത്താകുന്ന അവസ്ഥ.ഇത്തരമൊരു സന്ദര്‍ഭത്തില്‍ നിന്നാണ് ഇന്ത്യ മത്സരം ജയിച്ച് ടൂര്‍ണ്ണമെന്റില്‍ തങ്ങളുടെ സാധ്യത നിലനിര്‍ത്തിയത്.ടൂര്‍ണ്ണമെന്റിലെ ഫേവറേറ്റുകളായ ഇന്ത്യ പുറത്തായിരുന്നെങ്കില്‍ അത് ചാമ്പ്യന്‍ഷിപ്പിനെ തന്നെ ബാധിക്കുമായിരുന്നു.അതിനാല്‍ തന്നെ ഇന്ത്യയുടെ വിജയം സമൂഹമാധ്യമങ്ങളില്‍ വേറിട്ട രീതിയിലാണ് സംഘാടകരും ആഘോഷിച്ചത്.

ഇന്ത്യന്‍ ടീമില്‍ ഇത്തവണ രണ്ട് മലയാളി താരങ്ങളാണുള്ളത്.മാത്രമല്ല പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയറണ്‍ നേടിയതും മലയാളി തന്നെ.അതിനാല്‍ തന്നെ തികച്ചും മലയാളിത്തനിമയിലായിരുന്നു ആ ആഘോഷം.മലയാളം പാട്ടും ഡയലോഗും ഉള്‍പ്പെടുത്തി റീല്‍സ് തയ്യാറാക്കുകയായിരുന്നു ഐസിസി.രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). റീലായി പങ്കുവച്ച വിഡിയോയിലാണ്, മലയാളികളുടെ 'സ്വന്തം' ഡയലോഗ് ഐസിസി ഉള്‍പ്പെടുത്തിയത്.ഇതിനു പുറമേ 'വാ വാ താമരപ്പെണ്ണേ...എന്ന ഗാനവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബൗണ്ടറിയിലൂടെ ഇന്ത്യയുടെ വിജയറണ്‍ കുറിച്ചശേഷം ഡഗ്ഔട്ടിലേക്കു തിരിച്ചെത്തുന്ന മലയാളി താരം സജന സജീവനെ,മറ്റൊരു മലയാളി താരം ആശ ശോഭന 'അടിച്ചു കേറി വാ' എന്ന ഡയലോഗുമായി സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.തുടര്‍ന്ന് സജനയും 'അടിച്ചു കേറി വാ' എന്ന ഡയലോഗ് ആവര്‍ത്തിക്കുന്നു.പശ്ചാത്തലത്തിലാണ് 'കരുമാടിക്കുട്ടന്‍' എന്ന സിനിമയിലെ 'വാ വാ താരമപ്പേണ്ണേ' എന്ന ഗാനവും ഉള്‍പ്പെടുത്തിയത്.എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വീഡിയോയ്ക്ക് പങ്കുവെക്കുന്നതിനൊപ്പം തന്നെ രസകരമായ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.ഈ പേജിന്റെ ആഡ്മിന്‍ മലയാളി ആണോ.., ഇത് ഐസിസിയുടെ ഒറിജിനല്‍ പേജ് തന്നെ അല്ലെ എന്നൊക്കെയാണ് പലരുടെയും സംശയം.ഇതെന്താ മലയാളി മാസമോ, എല്ലാവരും അടിച്ചു കേറി വാ,രാജസ്ഥാന്റെ അഡ്മിന്‍ ഐസിസിയില്‍ ജോലി കിട്ടിയെന്നു് തോന്നുന്നു, ഒരിടത്ത് സഞ്ജു, ഒരിടത്ത് സജ്ന എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

വനിതാ ട്വന്റി20 ലോകകപ്പില്‍, പ്ലേയിങ് ഇലവനില്‍ ആദ്യമായി 2 മലയാളികള്‍ എന്ന പ്രത്യേകതയോടെയാണ് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ആശയും സജയനും ടീമില്‍ ഇടംപിടിച്ചത്.ആശ ശോഭന ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലും കളിച്ചിരുന്നെങ്കിലും, പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ സജനയ്ക്കും അവസരം നല്‍കാന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനു പരുക്കേറ്റതുകൊണ്ടു മാത്രം അവസരം ലഭിച്ച സജന, ഇന്ത്യയുടെ വിജയറണ്‍ കുറിച്ചും സാന്നിധ്യം അറിയിച്ചു.

ഒരേയൊരു പന്തു മാത്രം നേരിട്ട സജന, തകര്‍പ്പന്‍ ബൗണ്ടറിയിലൂടെയാണ് ടീമിന് വിജയം സമ്മാനിച്ചത്.മത്സരത്തില്‍ നാല് ഓവര്‍ ബോള്‍ ചെയ്ത ആശ ശോഭന, 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. മികച്ച ഷോട്ടുകളുമായി കളംപിടിച്ചുവന്ന പാക്ക് ക്യാപ്റ്റന്‍ ഫാത്തിമ സനയെയാണ് ആശ പുറത്താക്കിയത്. എട്ടു പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 13 റണ്‍സെടുത്ത സനയെ, വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ കൈകളിലെത്തിച്ചാണ് ആശ പുറത്താക്കിയത്.

നാളെ ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.ഈ മത്സരവും ജയിച്ചാല്‍ പിന്നീട് കരുത്തരായ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളി.