പല്ലേക്കെലെ: ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 162 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെ രസംകൊല്ലിയായി മഴയെത്തിയതടെ കളി മുടക്കി. ഗില്ലിന് പകരം ഓപണര്‍ റോളില്‍ മലയാളി താരം സഞ്ജു സാംസണാണ് യശസ്വി ജയ്‌സ്വാളിനൊപ്പം ഓപണ്‍ ചെയ്തത്. 262 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യ ഇന്നിങ്‌സ് തുടങ്ങിയ ഉടന്‍ മഴയെത്തി.

ദാസുന്‍ ശനകയെറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് പന്ത് മാത്രമേ ഇന്ത്യ നേരിട്ടുള്ളൂ. മൂന്ന് പന്തില്‍ ആറു റണ്‍സെടുത്ത് ജയ്‌സ്വാളും റണ്‍സൊന്നും എടുക്കാതെ സഞ്ജു സാംസണുമാണ് ക്രീസില്‍. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. 34 പന്തില്‍ 54 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റും വീഴ്ത്തി.

പരിക്കേറ്റ ഓപണര്‍ ശുഭ്മാന്‍ ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ ഇടം നേടി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ടോസ് നേടി ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 10 റണ്‍സെടുത്ത് കുശാല്‍ മെന്‍ഡിസിനെ പെട്ടെന്ന് നഷ്ടമായെങ്കിലും പാത്തും നിസാങ്കയും(32) കുശാല്‍ പെരേരയും(54) ചേര്‍ന്ന് ടീമിനെ മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു.

26 റണ്‍സെടുത്ത് കാമിന്തു മെന്‍ഡിസ് മികച്ച പിന്തുണ നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ തുടരെ തുടരെ നഷ്ടപ്പെട്ടു. നായകന്‍ ചരിത് അസലങ്ക (14), ദാസുന്‍ ശനക (0), വാനിതു ഹസരങ്ക (0) രമേശ് മെന്‍ഡിസ് (12) മഹീഷ് തീക്ഷ്ണ (2) എന്നിവര്‍ പുറത്തായി. ഒരു റണ്‍സുമായി മതീഷ് പതിരാനയും പുറത്താകാതെ നിന്നു.