- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിരാട് കോലിക്ക് ഇരട്ടസെഞ്ചുറി നഷ്ടം; 186 റൺസിന് പുറത്ത്; നാലാം ദിനം അവസാന സെഷനിൽ വിക്കറ്റ് മഴ; ശ്രേയസിന് പരിക്കേറ്റതും തിരിച്ചടി; ആദ്യ ഇന്നിങ്സിൽ ഇന്ത്യ 571 റൺസിന് പുറത്ത്; ഓസ്ട്രേലിയക്കെതിരെ 91 റൺസ് ലീഡ്
അഹമ്മദാബാദ്: മിന്നുന്ന സെഞ്ചുറികളുമായി വിരാട് കോലിയും ശുഭ്മൻ ഗില്ലും തിളങ്ങിയ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 91 റൺസിന്റെ മികച്ച ലീഡ്. 571 റൺസാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയത്. നാലാം ദിനം ബാറ്റിങ്ങിൽ തിളങ്ങിയ വിരാട് കോലി കരിയറിലെ 75ാം സെഞ്ചറി നേടി. 364 പന്തുകൾ നേരിട്ട താരം 186 റൺസുമായാണ് മടങ്ങിയത്. അക്സർ പട്ടേൽ (113 പന്തിൽ 79) അർധ സെഞ്ചറി നേടി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ നാലാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ മൂന്ന് റൺസ് എന്ന നിലയിലാണ്. മൂന്ന് റൺസുമായി ട്രാവിസ് ഹെഡും അക്കൗണ്ട് തുറക്കാതെ മാത്യു കുന്നെമാനുമാണ് ക്രീസിൽ. ഫീൽഡിംഗിനിടെ പരിക്കേറ്റ ഉസ്മാൻ ഖവാജ ബാറ്റിംഗിന് ഇറങ്ങിയില്ല.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 480 റൺസ് പിന്തുടർന്ന ഇന്ത്യ ഒൻപത് വിക്കറ്റിന് 571 റൺസുമായി ഇന്നിങ്സ് അവസാനിപ്പിച്ചു. 364 പന്തിൽ 186 റൺസ് നേടിയ വിരാട് കോലിയാണ് അവസാനക്കാരനായി പുറത്തായത്. പരിക്കേറ്റ ശ്രേയസ് അയ്യറിന് ബാറ്റിംഗിന് ഇറങ്ങാനായില്ല.
വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തിൽ ടീം ഇന്ത്യ കുതിച്ചെങ്കിലും റൺകയറ്റാനുള്ള ശ്രമങ്ങൾക്കിടെ നാലാം ദിനം അവസാന സെഷനിൽ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. ലിയോണും മർഫിയും മൂന്ന് വീതവും സ്റ്റാർക്കും കുനേമാനും ഓരോ വിക്കറ്റും നേടി.
മൂന്നാം ദിനം സെഞ്ചറി സ്വന്തമാക്കി ഓപ്പണർ ശുഭ്മൻ ഗില്ലും (235 പന്തിൽ 128) ഇന്ത്യൻ ഇന്നിങ്സിന് കരുത്തായി. 241 പന്തുകളിൽനിന്നാണ് കോലി ക്രിക്കറ്റ് കരിയറിലെ 75ാം സെഞ്ചറി സ്വന്തമാക്കിയത്. ക്ഷമയോടെ കളിച്ച കോലി അഞ്ച് ഫോറുകളാണു സെഞ്ചറിയിലേക്കെത്താൻ ബൗണ്ടറി കടത്തിയത്. കോലിയുടെ ടെസ്റ്റ് മത്സരങ്ങളിൽനിന്നുള്ള 28ാം സെഞ്ചറി കൂടിയാണിത്. മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കോലി ടെസ്റ്റിൽ സെഞ്ചറി നേടുന്നത്. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയാണ് കോലി ഇതിനു മുൻപ് ടെസ്റ്റിൽ സെഞ്ചറി നേടിയത്.
രവീന്ദ്ര ജഡേജ (84 പന്തിൽ 28), ശ്രീകർ ഭരത് (88 പന്തിൽ 44), ആർ. അശ്വിൻ (12 പന്തിൽ ഏഴ്), ഉമേഷ് യാദവ് (പൂജ്യം) എന്നിങ്ങനെയാണ് ഞായറാഴ്ച പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. 84 പന്തിൽ 28 റൺസെടുത്ത ജഡേജയെ ടോഡ് മർഫിയുടെ പന്തിൽ ഉസ്മാൻ ഖവാജ ക്യാച്ചെടുത്തു പുറത്താക്കി. 44 റൺസെടുത്ത ഭരത്തിന്റെ വിക്കറ്റ് നേഥൻ ലയണിനാണ്. വിരാട് കോലിയുടെ സെഞ്ചുറിക്കു പിന്നാലെ അക്ഷർ പട്ടേലും തിളങ്ങിയതോടെ ഇന്ത്യൻ സ്കോർ 500 പിന്നിട്ടു.
സ്കോർ 555 ൽ നിൽക്കെ അക്ഷറിനെ മിച്ചൽ സ്റ്റാർക് ബോൾഡാക്കി. അശ്വിനെ നേഥൻ ലയണിന്റെ പന്തിൽ മാത്യു കുനേമൻ ക്യാച്ചെടുത്തു പുറത്താക്കി. ടോഡ് മർഫിയാണു കോലിയെ പുറത്താക്കിയത്. പരുക്കേറ്റ ശ്രേയസ് ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്തില്ല. ഓസ്ട്രേലിയയ്ക്കായി നേഥൻ ലയൺ, ടോഡ് മർഫി എന്നിവർ മൂന്നു വിക്കറ്റു വീതം വീഴ്ത്തി. മിച്ചൽ സ്റ്റാർക്കും മാത്യു കുനേമനും ഓരോ വിക്കറ്റു വീതവും നേടി. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 480 റൺസാണു നേടിയത്.
വിരാട് കോലിയുടെ സെഞ്ചുറിയായിരുന്നു നാലാം ദിനത്തിലെ പ്രത്യേകത. ടെസ്റ്റിൽ മൂന്ന് വർഷത്തിനു ശേഷമാണ് കോലി സെഞ്ചുറിയിലേക്കെത്തിയത്. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷവും മൂന്ന് മാസവും 17 ദിവസവും. ടെസ്റ്റിൽ താരത്തിന്റെ 28-ാം സെഞ്ചുറിയും രാജ്യാന്തര കരിയറിലെ 75-ാമത്തേതും. ഇന്ത്യൻ മണ്ണിൽ കോലിയുടെ 14-ാം ടെസ്റ്റ് സെഞ്ചുറി കൂടിയായിരുന്നു അഹമ്മദാബാദിലേത്. 241 പന്തിൽ നിന്നായിരുന്നു കോലിയുടെ സെഞ്ചുറി. നാലാം ദിനം ഒരു ബൗണ്ടറി പോലും നേടാതെയാണ് താരം സെഞ്ചുറിയിലേക്കെത്തിയത്.
പുറംവേദന കാരണം സ്കാനിങ്ങിന് വിധേയനാക്കിയ ശ്രേയസ് അയ്യർ നാലാം ദിനം ബാറ്റിങ്ങിനെത്തിയില്ല. മൂന്നാം ദിവസത്തെ മത്സരത്തിനു ശേഷമാണ് ശ്രേയസിന് കടുത്ത പുറംവേദന അനുഭവപ്പെട്ടത്. ഇതോടെ നാലാം ദിനം രവീന്ദ്ര ജഡേജയുടെ വിക്കറ്റ് വീണ ശേഷം ശ്രീകർ ഭരതാണ് ക്രീസിലെത്തിയത്. ഭരത് പുറത്തായ ശേഷം അക്ഷർ പട്ടേലും ക്രീസിലെത്തി.
അക്ഷർ പട്ടേൽ മികച്ച രീതിയിൽ ബാറ്റുചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യ വീണ്ടും ഓസ്ട്രേലിയയ്ക്ക് മേൽ സമ്മർദ്ദം സൃഷ്ടിച്ചു. അക്ഷറിനെ സാക്ഷിയാക്കി കോലി 150 കടന്നു. പിന്നാലെ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. അക്ഷർ-കോലി സഖ്യത്തിന്റെ മികച്ച ബാറ്റിങ് മികവിൽ ഇന്ത്യ ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കി മാത്രമല്ല ടീം സ്കോർ 500 കടത്തുകയും ചെയ്തു. വൈകാതെ അക്ഷർ ഇന്ത്യയ്ക്ക് വേണ്ടി അർധശതകം കുറിച്ചു.
അർധസെഞ്ചുറി കുറിച്ച ശേഷം ആക്രമിച്ച് കളിച്ച അക്ഷർ ഇന്ത്യൻ സ്കോർ അതിവേഗമുയർത്തി. എന്നാൽ ടീം സ്കോർ 555-ൽ നിൽക്കേ അക്ഷറിനെ ബൗൾഡാക്കി മിച്ചൽ സ്റ്റാർക്ക് ഓസീസിന് ആശ്വാസമേകി. സ്റ്റാർക്കിന്റെ പന്ത് അക്ഷറിന്റെ ബാറ്റിലുരസി വിക്കറ്റ് പിഴുതെടുത്തു. 79 റൺസെടുത്ത അക്ഷർ കോലിക്കൊപ്പം 162 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ക്രീസ് വിട്ടത്. ആറാം വിക്കറ്റിൽ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്.
പിന്നാലെ വന്ന അശ്വിനും (7) ഉമേഷ് യാദവും അതിവേഗത്തിൽ മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഒടുവിൽ സിക്സടിക്കാൻ ശ്രമിച്ച കോലി ടോഡ് മർഫിയുടെ പന്തിൽ മാർനസ് ലബൂഷെയ്നിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് അവസാനിച്ചു. ഷമി റൺസെടുക്കാതെ പുറത്താവാതെ നിന്നു.
സ്പോർട്സ് ഡെസ്ക്