- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പവർപ്ലേയിൽ അടിച്ചു തകർത്ത് കുശാലും നിസങ്കയും; ഫിനിഷിങ് മികവുമായി നായകൻ ശനക; രണ്ടാം ട്വന്റി 20യിൽ റൺമല ഉയർത്തി ശ്രീലങ്ക; ഇന്ത്യക്ക് 207 റൺസ് വിജയലക്ഷ്യം; മൂന്ന് വിക്കറ്റുമായി മിന്നിച്ച് ഉംറാൻ
പൂണെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 207 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസ് എടുത്തത്. ഓപ്പണർ കുശാൻ മെൻഡിസിന്റെയും (31 പന്തിൽ 52) ക്യാപ്റ്റൻ ദസുൻ ശനകയുടെയും (22 പന്തിൽ 56*) അർധസെഞ്ചറിയും പാത്തും നിസങ്ക (35 പന്തിൽ 33), ചരിത് അസലങ്ക (19 പന്തിൽ 37) എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനവുമാണ് സന്ദർശകരെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ ശനക വെറും 20 പന്തിൽ ഫിഫ്റ്റി തികച്ചു. ഇന്ത്യയ്ക്കായി പേസർ ഉംറാൻ മാലിക്ക് മൂന്നു വിക്കറ്റും അക്‌സർ പട്ടേൽ രണ്ടും യുസ്വേന്ദ്ര ചെഹൽ ഒരു വിക്കറ്റും വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 55 റൺസ് അടിച്ചു. ഓപ്പണർമാരായ പാതും നിസങ്ക പതുക്കെ തുടങ്ങിയെങ്കിൽ കുശാൽ മെൻഡിസായിരുന്നു അപകടകാരി. ഹാർദിക് പാണ്ഡ്യ ആദ്യ ഓവറിൽ രണ്ട് റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും തൊട്ടടുത്ത ഓവറിൽ അർഷ്ദീപ് സിങ് തുടർച്ചയായ നോബോളുകളോടെ 19 റൺസ് വിട്ടുകൊടുത്തത് തിരിച്ചടിയായി. മൂന്നാം ഓവറിൽ പാണ്ഡ്യ 11 നൽകി. അർഷിനെ വലിച്ച് ശിവം മാവിയെ പന്തേൽപിച്ചെങ്കിലും ഫലിച്ചില്ല. മാവി തന്റെ ആദ്യ ഓവറിൽ 15 റൺസ് വഴങ്ങി. പിന്നാലെ സ്പിന്നർമാരെത്തിയാണ് റണ്ണൊഴുത്ത് തടഞ്ഞത്. അഞ്ചാം ഓവറിൽ അക്സർ പട്ടേൽ രണ്ടും ആറാം ഓവറിൽ യുസ്വേന്ദ്ര ചാഹൽ ആറും റൺസേ വിട്ടുകൊടുത്തുള്ളൂ. അല്ലായിരുന്നേൽ പവർപ്ലേയിൽ ലങ്ക കൂറ്റൻ സ്‌കോറിലെത്തിയേനേ.
പവർപ്ലേ കഴിഞ്ഞതും ഏഴാം ഓവറിൽ അക്സറിനെ 12 ഉം തൊട്ടടുത്ത ഓവറിൽ ഉംറാൻ മാലിക്കിനെ 13 ഉം ലങ്ക അടിച്ചതോടെ വീണ്ടും ഇന്ത്യൻ ബൗളർമാരുടെ പിടിവിട്ടു. ഇതിനിടെ മാലിക്കിനെ സിക്സർ പറത്തി കുശാൽ മെൻഡിസ് 27 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കി. ഇന്നിങ്സിലെ 9-ാം ഓവറിൽ യുസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 31 പന്തിൽ 52 നേടിയ കുശാൽ മെൻഡിസ് എൽബിയിലൂടെ പുറത്താവുകയായിരുന്നു. തന്റെ അടുത്ത ഓവറിലെ ആദ്യ പന്തിൽ ഭാനുക രജപക്സെയെ(3 പന്തിൽ 2) ഉംറാൻ ബൗൾഡാക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. 35 പന്തിൽ 33 റൺസെടുത്ത നിസങ്കയുടെ പ്രതിരോധം 12-ാം ഓവറിൽ അക്സർ ബൗണ്ടറിലൈനിൽ ത്രിപാഠിയുടെ സൂപ്പർ ക്യാച്ചിൽ അവസാനിപ്പിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ ധനഞ്ജയ ഡി സിൽവയെ(6 പന്തിൽ 3) അക്സർ മടക്കിയതോടെ 8.2 ഓവറിൽ 80-1 എന്ന നിലയിലായിരുന്ന ലങ്ക 13.4 ഓവറിൽ 110-4 എന്ന നിലയിലായി.
പക്ഷേ ഒരറ്റത്ത് ചരിത് അസലങ്ക ചാഹലിന്റെ 15-ാം ഓവറിൽ രണ്ട് സിക്സുകളോടെ ലങ്കൻ പ്രതീക്ഷ കാത്തു. തൊട്ടടുത്ത ഓവറിലെ അഞ്ചാം പന്തിൽ ഉംറാനെത്തി അസലങ്കയെ(19 പന്തിൽ 37) ഗില്ലിന്റെ കൈകളിലാക്കി. തൊട്ടടുത്ത ബോളിൽ വനിന്ദു ഹസരങ്കയെ(1 പന്തിൽ 0) ഉംറാൻ ഗോൾഡൻ ഡക്കാക്കി കുറ്റി പിഴുതെറിഞ്ഞു. പക്ഷേ പിന്നീടങ്ങോട്ട് ദാസുൻ ശനക കൂറ്റനടികളുമായി കളി വരുതിയിലാക്കി. ഇതിനിടെ അർഷ്ദീപ് പുറത്താക്കിയെങ്കിലും പന്ത് നോബോളായി. 18-ാം ഓവറിൽ ഉംറാൻ 21 ഉം 19-ാം ഓവറിൽ അർഷ്ദീപ് 18 ഉം അവസാന ഓവറിൽ മാവി 20 റൺസും വഴങ്ങിയതോടെ സ്‌കോർ 200 കടന്നു. ശനക 22 പന്തിൽ 56* ഉം കരുണരത്നെ 10 പന്തിൽ 11* ഉം റൺസുമായി പുറത്താകാതെ നിന്നു.
സ്പോർട്സ് ഡെസ്ക്