ചെന്നൈ: ഇന്ത്യ- ന്യൂസിലാന്റ് എ ടീമുകളുടെ ഒന്നാം ഏകദിനത്തിൽ ന്യൂസിലാന്റിന് ബാറ്റിങ്ങ് തകർച്ച.സന്ദർശകരുടെ 6 വിക്കറ്റുകൾ നഷ്ടമായി.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ന്യൂസിലാന്റ് എ 18 ഓവറിൽ 8 വിക്കറ്റിന് 74 റൺസ് എന്ന നിലയിലാണ്.സന്ദർശകരുടെ ബാറ്റ്‌സ്മാന്മാർ നിലയുറപ്പിക്കും മുൻപ് തന്നെ ഇന്ത്യൻ പേസർമാർ ആക്രമണം തുടങ്ങിയിരുന്നു.സ്‌കോർ 14 നിൽക്കെ 10 റൺസെടുത്ത ഷാഡ് ബൗസിനെ ക്ലിൻബൗൾഡാക്കി ഷാർദുൽ ഠാക്കൂറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.പിന്നാലെ കുൽദീപ് സെന്നും താളം കണ്ടെത്തിയതോടെ ന്യൂസിലാന്റിന്റെ തകർച്ച ആരംഭിച്ചു.കുൽദീപും ഷാർദുലും 3 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഒരു വിക്കറ്റ് കുൽദീപ് സിങ്ങ് യാദവ് നേടി.ഒരാൾ റണ്ണൗട്ടായി.

5 ഓവറിൽ 23 റൺസ് വഴങ്ങിയാണ് കുൽദീപ് 3 വിക്കറ്റ് വീഴ്‌ത്തിയത്.ഷാർദുൽ 6 ഓവറിൽ 20 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തി.സീൻസോലിയെ ഋഷിധവാൻ റണ്ണൗട്ടാക്കി.ക്യപ്റ്റനായുള്ള ആദ്യമത്സരത്തിൽ തന്നെ സഞ്ജുവിന് ടോസിന്റെ ഭാഗ്യം ലഭിച്ചു.ടോസ് നേടിയ സഞ്ജു ന്യൂസിലാന്റിന്റെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

സഞ്ജുവിന്റെ നേതൃത്വത്തിൽ മികച്ച ടീമാണ് ന്യൂസീലൻഡിനെതിരേ കളിക്കുന്നത്.ഇന്ത്യൻ സീനിയർ ടീമിലെത്തുന്നത് വെല്ലുവിളിയാണെന്ന് മത്സരത്തിന് മുന്നോടിയായി സഞ്ജു പറഞ്ഞു.'മത്സരിക്കാൻ ഒരുപിടി താരങ്ങളുണ്ട്. ടീമിലെത്തിയാലും ഇല്ലെങ്കിലും സ്വന്തം കളിയുടെ നിലവാരം കാത്തുസൂക്ഷിക്കുകയാണ് പ്രധാനം'.'കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ തന്റെ കളിയിലെ മാനങ്ങൾ മാറിയിട്ടുണ്ട്.

ഓപ്പണർ എന്നോ ഫിനിഷർ എന്നോ, ബാറ്റിങ് ഓർഡറിലെ ഏതുസ്ഥാനത്തും കളിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. ഇന്ത്യ എ ടീമിന്റെ മത്സരങ്ങൾ പ്രധാനമാണ്. അന്താരാഷ്ട്ര മത്സരങ്ങളും എ ടീം മത്സരങ്ങളും തമ്മിൽ വലിയ വ്യത്യാസമില്ല. കിട്ടിയ അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട് '-സഞ്ജു കൂട്ടിച്ചേർത്തു.

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.25, 27 തീയതികളിൽ രണ്ടും മൂന്നും ഏകദിനങ്ങൾ നടക്കും. ചെപ്പോക്ക് സ്റ്റേഡിയം തന്നെയാണ് എല്ലാ മത്സരങ്ങളുടെയും വേദി. അപ്രതീക്ഷിതമായാണ് ബിസിസിഐ സഞ്ജു സാംസണെ ഇന്ത്യൻ എ ടീമിന്റെ നായകനാക്കിയത്. നേരത്തെ ടി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിൽ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ എതിർപ്പുയർന്നിരുന്നു. ഏഷ്യാ കപ്പിൽ മോശം ഫോം തുടർന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയെങ്കിലും സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു.

റിഷഭിന്റെ ടി20 ഫോം നാളുകളായി ചോദ്യചിഹ്നമാണ്. സിംബാബ്വെക്കെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത സഞ്ജു ഫോമിലാണെന്ന് തെളിയിച്ചെങ്കിലും ഏഷ്യാ കപ്പ് ടീമിലും ഇടംപിടിച്ചില്ല. സഞ്ജുവിനെ തുടർച്ചയായി തഴയുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് താരത്തെ എ ടീമിന്റെ ക്യാപ്റ്റനാക്കി ബിസിസിഐ അമ്പരപ്പിച്ചത്.

 ഇന്ത്യ എ ടീം: സഞ്ജു സാംസൺ (നായകൻ), പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പട്ടിദാർ, ഷഹബാസ് അഹമ്മദ്, ഋഷി ധവാൻ, ശാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, ഉംറാൻ മാലിക്ക്, കുൽദീപ് സെൻ