ബോര്‍ഡര്‍-ഗവാസ്‌ക്കാര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് പെര്‍ത്തില്‍ പുരോഗമിക്കുകയാണ്. ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ താരങ്ങളുടെയും മുന്‍ താരങ്ങളുടെയും അഭിപ്രായ പ്രകടനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ടൂര്‍ണമെന്റാണ് ഇത്. പല റെക്കോര്‍ഡുകളും ചരിത്ര നേട്ടങ്ങളും തിരുത്തി കുറിക്കുമെന്ന് കരുതുന്ന ടൂര്‍ണമെന്റ് കൂടിയാണിത്. രോഹിതിന് പകരം ഇന്ത്യന്‍ നായകനായി ജസ്പ്രീത് ബുംറയും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സും ടോസിട്ടതോടെ അതിന് തുടക്കമാവുകയും ചെയ്തു.

ടോസിനായി ഇരുവരും ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ പിറന്നത് പുതിയ ചരിത്രമായിരുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇരു ടീമുകളെയും പേസ് ബൗളര്‍മാര്‍ നയിക്കുന്നത്. 2021 മുതല്‍ ഓസ്‌ട്രേലിയന്‍ നായകനാണ് കമ്മിന്‍സെങ്കിലും ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കെതിരെ ആദ്യമായാണ് ക്യാപ്റ്റനാവുന്നത്. 2018-2019, 2020-2021 പരമ്പരകളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ടിം പെയ്ന്‍ ആയിരുന്നു ഓസ്‌ട്രേലിയന്‍ നായകന്‍.

1947-48ലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ആദ്യമായി ടെസ്റ്റ് പരമ്പര കളിച്ചത്. ആ പരമ്പരയില്‍ സര്‍ ഡോണ്‍ ബ്രാഡ്മാന്‍ നയിച്ച ഓസ്‌ട്രേലിയയോട് ലാലാ അമര്‍നാഥ് നയിച്ച ഇന്ത്യ 0-4ന് തോറ്റു. ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു പേസര്‍ ഇന്ത്യയെ നയിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 1985-86 പരമ്പരയില്‍ ഇന്ത്യയെ നയിച്ച കപില്‍ ദേവാണ് ജസ്പ്രീത് ബുമ്രയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ബൗളര്‍. അന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ വെയ്ന്‍ ഫിലിപ്സായിരുന്നു ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍.