ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തോടെ രാജ്യത്ത് തിരിച്ചെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വമ്പന്‍ സ്വീകരണം ഒരുക്കാന്‍ ബിസിസിഐ. ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ടീം അംഗങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നാട്ടില്‍ എത്തിക്കാനായി ബിസിസിഐ ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരണം ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച അതിരാവിലെയാണ് ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍ വിമാനമിറങ്ങുക. അതിനു തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയെക്കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി താരങ്ങളെ അഭിനന്ദനം അറിയിക്കും. പ്രധാനമന്ത്രിക്കൊപ്പമാണ് താരങ്ങളുടെ പ്രഭാത ഭക്ഷണം. നാളെ കിരീടവുമായി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ അതിനുശേഷ സ്വീകരണം ഏറ്റുവാങ്ങാനായി മുംബൈയിലേക്ക് പറക്കും.

ട്രോഫിയുമായി താരങ്ങള്‍ മുംബൈ നഗരത്തില്‍ റോഡ് ഷോയും നടത്തുന്നുണ്ട്. നരിമാന്‍ പോയിന്റു മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെ ഓപ്പണ്‍ ബസില്‍ താരങ്ങള്‍ റോഡ് ഷോ നടത്തും. അതിനു ശേഷം ബിസിസിഐ പ്രഖ്യാപിച്ച 125 കോടി സമ്മാനത്തുക ടീമിനു കൈമാറും. ട്വന്റി20 ടീമിന് നാട്ടില്‍ സംഘടിപ്പിക്കുന്ന അനുമോദന പരിപാടികളില്‍ പങ്കെടുക്കാനായാണ് സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചതെന്നാണ് വിവരം.

സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവരെ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആഘോഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ താരങ്ങള്‍ സിബാബ്‌വെയിലെ ഹരാരെയിലെത്തി ടീമിനൊപ്പം ചേരാനാണു തീരുമാനം. ബിസിസിഐ ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ നാട്ടിലേക്കു തിരിച്ചത്. ബുധനാഴ്ച ബാര്‍ബഡോസിലെത്തിയ വിമാനം അവിടെനിന്നു താരങ്ങളുമായി പുറപ്പെട്ടു. ബാര്‍ബഡോസില്‍നിന്ന് ഡല്‍ഹിയിലേക്ക് 16 മണിക്കൂര്‍ യാത്രയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബങ്ങളും യാത്ര ചെയ്യുന്നുണ്ട്.

ശനിയാഴ്ച ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ താരങ്ങള്‍ ഞായറാഴ്ച തന്നെ ബാര്‍ബഡോസ് വിടാനിരുന്നതാണ്. എന്നാല്‍ കാലാവസ്ഥ മോശമായതോടെ യാത്രയും മുടങ്ങി. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ബാര്‍ബഡോസിലെ വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു.

രാവിലെ 6 മണിക്ക് ബാര്‍ബഡോസില്‍ നിന്നുള്ള വിമാനം ഡല്‍ഹി രാജ്യാന്തര വിമാനത്തവാളത്തിലെത്തുമെന്നാണ് വിവരം. 9.30ന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹത്തെ കാണും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നേരെ മുംബൈയിലേക്ക് പറക്കും. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം ഒരു കിലോ മീറ്റര്‍ ദൂരം തുറന്ന ബസില്‍ കിരീടവുമായി വാംഖഡെ സ്റ്റേഡിയത്തിലേക്ക് വിക്ടറി മാര്‍ച്ച് നടത്തും.

വാംഖഡെയില്‍ നടക്കുന്ന സ്വീകരണച്ചടങ്ങില്‍ രോഹിത് ലോകകപ്പ് കിരീടം ബിസിസിഐ സെക്രട്ടറി ജയ് ഷാക്ക് കൈമാറും. അതിനുശേഷം ടീം അംഗങ്ങള്‍ പിരിയും.

ജൂണ്‍ 29ന് ശനിയാഴ്ച നടന്ന ലോകകപ്പ് ഫൈനലിന് ശേഷം തിങ്കളാഴ്ചയായിരുന്നു ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരിക്കേണ്ടിയിരുന്നത്. എന്നാല്‍ ബാര്‍ബഡോസില്‍ വീശിയടിച്ച ബെറിള്‍ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ഇന്ത്യന്‍ ടീം ബാര്‍ബഡോസില്‍ കുടുങ്ങിയത്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനമാണ് ഇന്ത്യന്‍ ടീമിനെ കൊണ്ടുവരാനായി ബാര്‍ബഡോസിലെത്തിയിരിക്കുന്നത്.