വെല്ലിങ്ടൺ: വെള്ളിയാഴ്‌ച്ചയാണ് ഇന്ത്യ- ന്യൂസിലൻഡ് ടി20 പരമ്പര ആരംഭിക്കുന്നത്. ഇരു ടീമുകളും സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസാണ് ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. കയ്ൻ വില്യംസണാണ് ടീമിനെ നയിക്കുക. ടി20 ലോകകപ്പ് കളിച്ച പ്രമുഖരെല്ലാം ടീമിൽ സ്ഥാനം നിലനിർത്തി.

സ്പിന്നർ ഇഷ് സോധി, ബ്ലെയർ ടിക്‌നെർ എന്നിവർ ടി20 മത്സരങ്ങൾ മാത്രമാണ് കളിക്കുന്നത്. മാറ്റ് ഹെന്റി, ടോം ലാഥം എന്നിവർ ഏകദിന പരമ്പരയിൽ മാത്രം കളിക്കും. ഏകദിനത്തിൽ ജെയിംസ് നീഷമിന് പകരം ഹെന്റി നിക്കോൾസ് ടീമിലെത്തും. ഓപ്പണർ മാർട്ടിൻ ഗപ്റ്റലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ന്യൂസിലൻഡ് ക്രിക്കറ്റിന്റെ വാർഷിക കരാറിൽ നിന്ന് വിട്ടുനിൽക്കുന്ന ട്രന്റ് ബോൾട്ടും ടീമിലില്ല.

ഇന്ത്യയുടെ ടി20 ടീമിനെ ഹാർദിക് പാണ്ഡ്യയും ഏകദിന ടീമിനെ ശിഖർ ധവാനാണ് നയിക്കുന്നത്. ഇതിനിടെ വെല്ലിങ്ടണിൽ നിന്ന് നിരാശപ്പെടുത്തുന്ന വാർത്തയും വന്നിരുന്നു. വെല്ലിങ്ടണിൽ മത്സരം നടക്കുന്ന ദിവസം കനത്തമഴയ്ക്ക് സാധ്യതയെന്നാണ് വാർത്ത. ഇടയ്ക്കിടെ മഴയെത്താൻ സാധ്യതയുണ്ടെന്നാണ് വെല്ലിങ്ടൺ കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഉച്ചയ്ക്ക് ശേഷം നേരിയ കാറ്റോടെ മഴയെത്തുമെന്നാണ് റിപ്പോർട്ട്.

അതിനിടെ ഇന്ന് നടന്ന ട്രോഫി അനാശ്ചാദന ചടങ്ങിലും മഴയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ട്രോഫി പുറത്തിറക്കാൻ കിവീസ് ക്യാപ്റ്റൻ വില്യംസണും ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഒരുമിച്ച് നിൽക്കുമ്പോൾ കനത്ത കാറ്റ് വീശുകയായിരുന്നു. ട്രോഫി വച്ചിരിക്കുന്ന സ്റ്റാന്റ് ഉൾപ്പെടെ പറക്കാൻ തുടങ്ങി. ഇതിനിടെ വില്യംസൺ ട്രോഫി കയ്യിലൊതുക്കിയതുകൊണ്ട് നിലത്ത് വീണില്ല. ട്രോഫി ഞങ്ങൾക്കാണെന്ന രീതിയിൽ വില്യംസൺ ചിരിയോടെ ചിലത് പറയുന്നുമുണ്ട്.

 

മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വെള്ളിയാഴ്‌ച്ച ഇടയ്ക്കിടെ മഴയെത്താൻ സാധ്യതയുണ്ടെന്നാണ് വെല്ലിങ്ടൺ കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഉച്ചയ്ക്ക് ശേഷം നേരിയ കാറ്റോടെ മഴയെത്തുമെന്നാണ് റിപ്പോർട്ട്. അന്തരീക്ഷ താപനില 14 ഡിഗ്രി വരെ താഴാനും സാധ്യയുണ്ട്.