പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം ഏറെ വഷളായ പശ്ചാത്തലത്തില്‍, ക്രിക്കറ്റ് രംഗത്ത് പാകിസ്താനെ പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആവശ്യപ്പെട്ടു. പരമ്പരകളല്ല, അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെ മത്സരങ്ങളിലും ഇന്ത്യ പാക്കിസ്ഥാനെതിരേ കളിക്കരുതെന്നു അദ്ദേഹം പറഞ്ഞു.

'പാക്കിസ്ഥാനുമായുള്ള രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പരമ്പരകള്‍ മാത്രം ഒഴിവാക്കുന്നതില്‍ തീരില്ല. ഐ.സി.സി സംഘടിപ്പിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലും പാക്കിസ്ഥാനെതിരായ മത്സരങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണം,' -അസ്ഹറുദ്ദീന്‍ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തെ അപലപിച്ച അദ്ദേഹം, 'ഇത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പോലുള്ള ഐക്യദാര്‍ഢ്യത്തിന്റെ കായികമേളകള്‍ നടത്തുന്നത് ഉചിതമല്ല' എന്നും അഭിപ്രായപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആദരസൂചകമായി ഐ.പി.എല്‍ കളിക്കാര്‍ ആംബാന്‍ഡ് അണിഞ്ഞതിനെ അസ്ഹറുദ്ദീന്‍ അഭിനന്ദിച്ചു. ബി.സി.സി.ഐയുടെ ഈ നടപടിക്ക് നന്ദി രേഖപ്പെടുത്തുകയും, ഇത് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012ന് ശേഷം ഇന്ത്യ പാക്കിസ്ഥാനുമായി ദ്വിരാഷ്ട്ര പരമ്പരകള്‍ കളിക്കുന്നില്ല. എന്നാല്‍, ട്വന്റി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനെതിരെ കളിക്കുന്നുണ്ട്. ഏപ്രില്‍ 22നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായത്. 26 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കുകയാണ്. ഇന്ത്യ സൈനിക നടപടിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.