അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്‌ട്രേലിയ 480 റൺസിനു പുറത്ത്. ഇന്ത്യയ്ക്കായി ആറു വിക്കറ്റുകൾ വീഴ്‌ത്തിയ ആർ. അശ്വിനാണ് ഓസിസ് ഇന്നിങ്‌സിന് വിരാമമിട്ടത്. കാമറൂൺ ഗ്രീൻ, ഓപ്പണർ ഉസ്മാൻ ഖവാജ എന്നിവരുടെ സെഞ്ചറിക്കരുത്തിലാണ് ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ മികച്ച സ്‌കോർ സ്വന്തമാക്കിയത്.

രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 36 റൺസെന്ന നിലയിൽ. ക്യാപ്റ്റൻ രോഹിത് ശർമ (17*), ശുഭ്മാൻ ഗിൽ (18*) എന്നിവരാണ് ക്രീസിൽ. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറിനേക്കാൾ 444 റൺസ് പിന്നിലാണ് ഇന്ത്യ.

422 പന്തിൽ നിന്ന് 21 ബൗണ്ടറികളടക്കം 180 റൺസെടുത്ത ഖവാജയാണ് അവരുടെ ടോപ് സ്‌കോറർ. 170 പന്തുകൾ നേരിട്ട ഗ്രീൻ 18 ബൗണ്ടറികളടക്കം 114 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 208 റൺസാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്.

അഞ്ചാം വിക്കറ്റിൽ കാമറൂൺ ഗ്രീനും ഖവാജയും ചേർന്നൊരുക്കിയ ഡബിൾ സെഞ്ചറി (208) കൂട്ടുകെട്ടാണ് ഓസീസിനെ വമ്പൻ സ്‌കോറിലേക്കു നയിച്ചത്. 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. ആദ്യ സെഷനുകളിൽ ഓസീസ് ബാറ്റർമാർക്ക് ഭീഷണി ഉയർത്താൻ ഇന്ത്യൻ ബോളർമാർക്കു സാധിച്ചില്ല. 143 പന്തുകളിൽനിന്നാണ് കാമറൂൺ ഗ്രീൻ സെഞ്ചറി ഉറപ്പിച്ചത്. ലഞ്ചിനു പിരിയുമ്പോൾ ഓസീസ് സ്‌കോർ നാലിന് 347.

ലഞ്ചിനു ശേഷം അശ്വിൻ ഇന്ത്യയ്ക്കായി വിക്കറ്റു വേട്ട തുടങ്ങിയതോടെ ഓസീസ് പ്രതിരോധത്തിലായി. കാമറൂൺ ഗ്രീനിനെ വിക്കറ്റ് കീപ്പർ ഭരതിന്റെ കൈകളിലെത്തിച്ച് സ്പിന്നർ ആർ. അശ്വിനാണ് ഖവാജ ഗ്രീൻ കൂട്ടുകെട്ട് തകർത്തത്. തൊട്ടുപിന്നാലെ അലക്‌സ് കാരിയെയും (പൂജ്യം), മിച്ചൽ സ്റ്റാർക്കിനെയും (20 പന്തിൽ ആറ്) പുറത്താക്കി അശ്വിൻ വിക്കറ്റ് നേട്ടം നാലാക്കി.

വാലറ്റത്ത് നേഥൻ ലയണും ടോഡ് മർഫിയും നടത്തിയ ചെറുത്തുനിൽപ് ഓസീസ് സ്‌കോർ 450 കടത്തി. ലയൺ 96 പന്തിൽ 34 ഉം മർഫി 61 പന്തിൽ 41 ഉം റൺസെടുത്തു മടങ്ങി. ആർ. അശ്വിനാണ് ഇരുവരെയും പുറത്താക്കിയത്. 47.2 ഓവറുകൾ പന്തെറിഞ്ഞ അശ്വിൻ 91 റൺസാണു വഴങ്ങിയത്. 15 ഓവറുകളിൽ റൺസൊന്നും വിട്ടുകൊടുത്തില്ല. അക്‌സർ പട്ടേലിനാണു ഖവാജയുടെ വിക്കറ്റ്.

ആദ്യ ദിനം ട്രാവിസ് ഹെഡ് (44 പന്തിൽ 32), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (135 പന്തിൽ 38) എന്നിവരും ഓസ്‌ട്രേലിയയ്ക്കായി തിളങ്ങിയിരുന്നു. ഇന്ത്യയ്ക്കായി അശ്വിൻ ആറ് വിക്കറ്റുമായി തിളങ്ങി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്‌ത്തി.