നാഗ്പൂര്‍: ഇന്ത്യ - ഇംഗ്ലണ്ട് ഏദകിന പരമ്പരിയിലെ ഒന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തെരഞ്ഞെടുത്തു.ഏവരും ഉറ്റുനോക്കിയിരുന്ന വിരാട് കോഹ്ലി ഇല്ലാതെയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്.വലതുകാല്‍മുട്ടിനേറ്റ പരിക്കാണ് കോഹ്ലിക്ക് തിരിച്ചടിയായത്.വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ഇന്നത്തെ മത്സരത്തിനില്ല.കെ എല്‍ രാഹുലായിരിക്കും ഇന്ത്യക്കായി കീപ്പറാവുക.ഇന്ത്യന്‍ നിരയില്‍ യുവതാരം യശസ്വി ജയ്സ്വാള്‍, ഹര്‍ഷിത് റാണ എന്നിവര്‍ രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും.ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയ വരുണ്‍ ചക്രവര്‍ത്തിക്ക് അന്തിമ ഇലവനില്‍ ഇടം ലഭിച്ചില്ല. മുഹമ്മദ് ഷമി ടീമില്‍ ഇടംപിടിച്ചതോടെ അര്‍ഷ്ദീപ് സിങ്ങും പുറത്തായി.

ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ടും കളിക്കുന്നുണ്ട്.ഇടവേളയ്ക്കുശേഷം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിലെ ശ്രദ്ധാകേന്ദ്രം വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും കോഹ്ലിയുമാണ്.പരിക്കേറ്റതിനാല്‍ ടീമില്‍ കോലിയുമില്ല.അതിനാല്‍ തന്നെ ശ്രദ്ധ മുഴുവന്‍ രോഹിതെന്ന ക്യാപ്റ്റനിലേക്കും ബാറ്റ്‌സമാനിലേക്കും നീങ്ങും.2023-ല്‍ ഇന്ത്യയില്‍നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റശേഷം ഇന്ത്യ ആറ് ഏകദിനങ്ങള്‍മാത്രമേ കളിച്ചുള്ളൂ.ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ക്കെതിരേ മൂന്നുവീതം കളികള്‍.കഴിഞ്ഞവര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് രോഹിത് ശര്‍മയും വിരാട് കോലിയും അവസാനമായി ഏകദിനം കളിച്ചത്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര ആധികാരികമായി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുന്നത്. അതോടൊപ്പം,വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനെക്കുറിച്ചുള്ള ആശങ്കകളുമുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയുടെ റിഹേഴ്സലാണ് ഇംഗ്ലണ്ടിനെതിരായ മൂന്നുമത്സര ഏകദിന പരമ്പര.കളി ഇംഗ്ലണ്ടിനെതിരേയാണെങ്കിലും ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ടീമിനെ കണ്ടെത്തുക എന്നതാണ് ടീമിനുമുന്നിലെ പ്രധാനദൗത്യം.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. രണ്ടാം പോരാട്ടം കട്ടക്കിലും മൂന്നാം പോരാട്ടം അഹമ്മദാബാദിലും അരങ്ങേറും.ടി20 പരമ്പരയില്‍ മിന്നും ബൗളിങുമായി കളം വാണ വരുണ്‍ ചക്രവര്‍ത്തിയെ അവസാന നിമിഷമാണ് ഇന്ത്യ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.കരിയറില്‍ ആദ്യമായാണ് താരത്തിനു ഏകദിന ടീമിലേക്ക് വിളി വരുന്നത്.ടീമിലെ അഞ്ചാം സ്പിന്നറാണ് വരുണ്‍. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍.

സാഹചര്യമനുസരിച്ചായിരിക്കും ഇവരുടെ പ്ലെയിങ് ഇലവനിലേക്കുള്ള വരവ്.നാഗ്പുരിലെ പിച്ച് വലിയ സ്‌കോറുകള്‍ പിറന്ന മത്സരങ്ങള്‍ ഏറെ അരങ്ങേറിയ മണ്ണാണ്. ഇതുവരെയായി ഈ പിച്ചില്‍ 9 ഏകദിന മത്സരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 288 ആണ് ആവറേജ് സ്‌കോര്‍. 354 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 2009ല്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയാണ് ഈ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇതേ വര്‍ഷം തന്നെ ഈ പിച്ചില്‍ ഇന്ത്യ 351 റണ്‍സ് സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കുകയും ചെയ്തിട്ടുണ്ട്.