കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരിമിത ഓവര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. നാളെ മുതല്‍ ടി20 പോരാട്ടമാണ് നടക്കുന്നത്. പിന്നാലെ ഏകദിന മത്സരങ്ങളും അരങ്ങേറും. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് കളിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ബൗളിങ് വിഭാഗത്തിലേക്ക് മുഹമ്മദ് ഷമി തിരിച്ചെത്തി എന്നതാണ് ടീമിലെ സവിശേഷ മാറ്റം. സ്പിന്‍ ഓണ്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നതും നിര്‍ണായക മാറ്റമാണ്.

ഇന്ത്യ ഓപ്പണിങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യത്തെ തന്നെ കളിപ്പിക്കും. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കളിക്കും. ശേഷിക്കുന്ന ബാറ്റിങ് സ്ഥാനങ്ങള്‍ മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് മാറിയേക്കും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ ഏഴ് മണിക്കാണ് ആദ്യ മത്സരം. ഇന്ത്യയിലെ ചെറിയ മൈതാനങ്ങളും സീസണ്‍ ആരംഭിക്കുമ്പോഴുള്ള പിച്ചുകളും റണ്ണൊഴുക്കിന് വേഗം കൂട്ടും. സ്പിന്‍ പിച്ചുണ്ടാകാന്‍ സാധ്യയില്ലെന്നാണ് നിഗമനം.

ഇന്ത്യ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.