പ്രിട്ടോറിയ: വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം. അയർലൻഡ് ആണ് എതിരാളികൾ.ഇന്നു വിജയിച്ചാൽ ഇന്ത്യയ്ക്ക് സെമിഫൈനലിൽ പ്രവേശിക്കാനാകും. പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ ഇന്ത്യൻ സമയം വൈകീട്ട് ആറിനാണ് മത്സരം.

അതേസമയം ഇന്ന് പരാജയപ്പെട്ടാൽ നാളെ നടക്കുന്ന പാക്കിസ്ഥാൻ-ഇംഗ്ലണ്ട് മത്സരഫലമാകും ഇന്ത്യയുടെ വിധി നിർണയിക്കുക. നിലവിൽ ആറ് പോയിന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പിൽ ഒന്നാമത്. മൂന്നു മത്സരങ്ങളിൽ രണ്ടു ജയവും ഒരു തോൽവിയുമടക്കം നാലു പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്.

ഇംഗ്ലണ്ട് സെമി ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് പോയിന്റ് മാത്രമുള്ള പാക്കിസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റിൻഡീസിനോട് മൂന്ന് റണ്ണിന് തോറ്റു. ഇംഗ്ലണ്ടിനെതിരായ മത്സരം പാക്കിസ്ഥാൻ വിജയിച്ചാൽ പാക്കിസ്ഥാനും നാലു പോയിന്റാകും.