ലഖ്‌നൗ: ടി20 വെടിക്കെട്ടിനുശേഷം ഏകദിന പരമ്പരയ്ക്ക് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെ ഇറങ്ങുന്നു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നാളെ ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാൽ ശിഖർ ധവാന്റെ നേതൃത്വത്തിലാണ് ഇന്ത്യ നാളെ ഇറങ്ങുക. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസൺ ആണ് വിക്കറ്റ് കീപ്പർ. ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ടെങ്കിലും സമീപകാലത്തെ ഫോം പരിഗണിച്ചാൽ സഞ്ജുവിന് തന്നെയാണ് അന്തിമ ഇലവനിൽ ഇടം ലഭിക്കാൻ സാധ്യത.

സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽ മിന്നും ഫോമിലായിരുന്ന ശുഭ്മാൻ ഗില്ലായിരിക്കും ക്യാപ്റ്റൻ ശിഖർ ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനെത്തുക. ടി20 ലോകകപ്പിനുള്ള ടീമിലെ റിസർവ് താരമായ ശ്രേയസ് അയ്യർ വൺ ഡൗണായി ക്രീസിലെത്തും. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തിൽ ക്രീസിലിറങ്ങിയ ശ്രേയസിന് ബാറ്റിംഗിൽ തിളങ്ങാനായിരുന്നില്ല.

ലോകകപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങാൻ ശ്രേയസിന് ലഭിക്കുന്ന അവസാന അവസരമാണിത്.നാലാം നമ്പറിൽ രാഹുൽ ത്രിപാഠിക്ക് അവസരം ലഭിച്ചേക്കും. രജത് പാടീദാറിന് നാളെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസൺ ബാറ്റിങ് നിരയിൽ ആറാമനായി ഫിനിഷറായി എത്താനാണ് സാധ്യത.

ഷർദ്ദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ എന്നിവരാകും ടീമിലേ പേസർമാർ. രവി ബിഷ്‌ണോയിയും കുൽദീപ് യാദവും സ്പിന്നർമാരായി ടീമിലെത്തും. ബിഷ്‌ണോയിയും ദീപക് ചാഹറും ലോകകപ്പ് ടീമിലെ റിസർവ് താരങ്ങൾ കൂടിയാണ്.