- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകര്‍പ്പന്‍ തുടക്കമിട്ട് രോഹിതും ഗില്ലും; ഇന്ത്യയെ കറക്കിവീഴ്ത്തി വാന്‍ഡെര്‍സായി; ഇന്ത്യയ്ക്ക് 32 റണ്‍സിന്റെ തോല്‍വി; ശ്രീലങ്ക പരമ്പരയില്‍ മുന്നില്‍
കൊളംബോ: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കന്‍ സ്പിന്നിന് മുന്നില്‍ കറങ്ങിവീണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഓപ്പണിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ - ശുഭ്മാന്‍ ഗില്‍ സഖ്യം മികച്ച തുടക്കമിട്ട ശേഷമായിരുന്നു ഇന്ത്യ 32 റണ്‍സിന്റെ തോല്‍വി. ലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടായി. 32 റണ്‍സ് ജയത്തോടെ ഒരു മത്സരം ശേഷിക്കേ പരമ്പരയില്‍ ലങ്ക മുന്നിലെത്തി (1 - 0).
ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ട്വന്റി20യില്‍ മികച്ച തുടക്കം കുറിച്ച ഗൗതം ഗംഭീറിന് ഏകദിന പരമ്പര അത്ര നല്ല അനുഭവമല്ല. താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ 'ടൈ' വഴങ്ങിയ ഇന്ത്യ, രണ്ടാം ഏകദിനത്തില്‍ ദയനീയമായി തോല്‍ക്കുകയും ചെയ്തു.
ഒരിക്കല്‍ക്കൂടി അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെയാണ് ഇന്ത്യ 32 റണ്‍സിന്റെ തോല്‍വി വഴങ്ങിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 240 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ വിക്കറ്റ് നഷ്ടം കൂടാതെ 97 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യ, അടുത്ത 111 റണ്‍സിനിടെ 10 വിക്കറ്റും നഷ്ടമാക്കിയാണ് തോല്‍വിയിലേക്കു വീണത്.
പരിക്കേറ്റ വാനിന്ദു ഹസരംഗയ്ക്ക് പകരം ടീമിലെത്തി 10 ഓവറില്‍ വെറും 33 റണ്‍സ് വഴങ്ങി 6 വിക്കറ്റെടുത്ത ജെഫ്രി വാന്‍ഡെര്‍സായിയുടെ ബൗളിങ്ങിനു മുന്നിലാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിമറന്നത്. ക്യാപ്റ്റന്‍ ചരിത് അസലങ്ക 20 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി.
241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. രോഹിത്തും ഗില്ലും ചേര്‍ന്ന് 13.2 ഓവറില്‍ 97 റണ്‍സടിച്ചതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായെന്ന് തോന്നിച്ചു. എന്നാല്‍ വാന്‍ഡെര്‍സായി പന്തെടുത്തതോടെ കളിമാറി. 44 പന്തില്‍ നിന്ന് നാല് സിക്സും അഞ്ച് ഫോറുമടക്കം 64 റണ്‍സെടുത്ത രോഹിത്തായിരുന്നു ആദ്യ ഇര. 14-ാം ഓവറില്‍ വാന്‍ഡെര്‍സായിക്കെതിരേ സ്വിച്ച് ഹിറ്റിന് ശ്രമിച്ച ഹിറ്റ്മാന് പിഴച്ചു. പിന്നാലെ ഗില്ലെനെയും വാന്‍ഡെര്‍സായി മടക്കി. 44 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 35 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
പിന്നീട് സ്റ്റേഡിയം സാക്ഷിയായത് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയ്ക്കായിരുന്നു. വിരാട് കോലി (14), ശിവം ദുബെ (0), ശ്രേയസ് അയ്യര്‍ (7), കെ.എല്‍ രാഹുല്‍ (0) എന്നിവരെല്ലാം വാന്‍ഡെര്‍സായിയുടെ പന്തിന്റെ ഗതിയറിയാതെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതോടെ 23.1 ഓവറില്‍ ഇന്ത്യ ആറിന് 147 റണ്‍സെന്ന നിലയിലേക്ക് വീണു.
എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച അക്ഷര്‍ പട്ടേല്‍ - വാഷിങ്ടണ്‍ സുന്ദര്‍ സഖ്യം 38 റണ്‍സ് ചേര്‍ത്ത് ടീമിന് വീണ്ടും പ്രതീക്ഷ സമ്മാനിച്ചെങ്കിലും അക്ഷറിനെ 34-ാം ഓവറില്‍ മടക്കി ക്യാപ്റ്റന്‍ ചരിത് അസലങ്ക ആ പ്രതീക്ഷയും ഇല്ലാതാക്കി. 44 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 44 റണ്‍സായിരുന്നു അക്ഷറിന്റെ സമ്പാദ്യം. തുടര്‍ന്ന് 15 റണ്‍സെടുത്ത സുന്ദറിനെയും പിന്നാലെ മുഹമ്മദ് സിറാജിനെയും (4) മടക്കിയ അസലങ്ക മത്സരം പൂര്‍ണമായും ലങ്കയുടെ വരുതിയിലാക്കി. 43-ാം ഓവറിലെ രണ്ടാം പന്തില്‍ അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യയുടെ പതനം പൂര്‍ണം.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 240 റണ്‍സെടുത്തത്. കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി മധ്യനിര കളിമറന്നപ്പോള്‍ മികവിലേക്കുയര്‍ന്ന വാലറ്റത്തിന്റെ പ്രകടനമാണ് ലങ്കയെ 240-ല്‍ എത്തിച്ചത്. അവിഷ്‌ക ഫെറാന്‍ഡോ, കാമിന്ദു മെന്‍ഡിസ്, കുശാല്‍ മെന്‍ഡിസ്, ദുനിത് വെല്ലാലഗെ എന്നിവരുടെ മാന്യമായ സംഭാവനകള്‍ ലങ്കന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
ആദ്യ മത്സരത്തിലേതിനു സമാനമായിരുന്നു രണ്ടാം മത്സരത്തിലും ലങ്കയുടെ ബാറ്റിങ്. പക്ഷേ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ പഥും നിസ്സങ്കയെ (0) ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ നഷ്ടമായിട്ടായിരുന്നു ലങ്കയുടെ തുടക്കം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഫെറാന്‍ഡോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 74 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ലങ്കന്‍ ഇന്നിങ്‌സ് ട്രാക്കിലായി. പിന്നാലെ 62 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 40 റണ്‍സെടുത്ത ഫെറാന്‍ഡോയെ മടക്കി വാഷിങ്ടണ്‍ സുന്ദര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്ന് 42 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത മെന്‍ഡിസിനെയും അതേ സ്‌പെല്ലില്‍ സുന്ദര്‍ മടക്കി.
പിന്നാലെ ലങ്കന്‍ മധ്യനിര തകര്‍ന്നു. സദീര സമരവിക്രമ (14), ജനിത് ലിയാനഗെ (12) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ പുറത്തായി. 42 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ചരിത് അസലങ്ക പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 35-ാം ഓവറില്‍ സുന്ദറിന് മുന്നില്‍ വീണു.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ദുനിത് വെല്ലാലഗെ ഇത്തവണയും ഇന്ത്യയെ വിറപ്പിച്ചു. ആറിന് 136 എന്ന നിലയില്‍ നിന്ന് കാമിന്ദു മെന്‍ഡിസിനെ കൂട്ടുപിടിച്ച് വെല്ലാലഗെ ലങ്കന്‍ സ്‌കോര്‍ 200 കടത്തി. 72 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ലങ്കന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 35 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 39 റണ്‍സെടുത്ത് വെല്ലാലഗെയെ ഒടുവില്‍ 47-ാം ഓവറില്‍ കുല്‍ദീപ് യാദവ് പുറത്താക്കുകയായിരുന്നു. എന്നാല്‍ ഒരറ്റത്ത് പിടിച്ചുനിന്ന കാമിന്ദു മെന്‍ഡിസ് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. 44 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 40 റണ്‍സെടുത്ത താരത്തെ 50-ാം ഓവറില്‍ ശ്രേയസ് അയ്യര്‍ നേരിട്ടുള്ള ഒരു ത്രോയിലൂടെ പുറത്താക്കുകയായിരുന്നു. അഖില ധനഞ്ജയ 15 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.