മൂന്ന് വിക്കറ്റുമായി വാഷിങ്ടണ്‍ സുന്ദര്‍; വാലറ്റത്ത് പൊരുതി വെല്ലാലഗെയും കമിന്ദു മെന്‍ഡിസും; രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം
- Share
- Tweet
- Telegram
- LinkedIniiiii
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തു. 62 പന്തില്‍ 40 റണ്‍സെടുത്തു പുറത്തായ ഓപ്പണിങ് ബാറ്റര്‍ ആവിഷ്ക ഫെര്‍ണാണ്ടോയും 44 പന്തില്‍ 40 റണ്‍സെടുത്ത് കമിന്ദു മെന്‍ഡിസും ശ്രീലങ്കയ്ക്കായി തിളങ്ങി. കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി മധ്യനിര കളിമറന്നപ്പോള്‍ മികവിലേക്കുയര്‍ന്ന വാലറ്റത്തിന്റെ പ്രകടനമാണ് ലങ്കയെ 240-ല്‍ എത്തിച്ചത്.
ഇന്ത്യയ്ക്കായി വാഷിങ്ടന്‍ സുന്ദര്‍ മൂന്നു വിക്കറ്റുകളും കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. ദുനിത് വെല്ലാലഗെ (35 പന്തില്‍ 39), കുശാല്‍ മെന്‍ഡിസ് (42 പന്തില്‍ 30) എന്നിവരാണ് ശ്രീലങ്കയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍. അവിഷ്ക ഫെറാന്‍ഡോ, കാമിന്ദു മെന്‍ഡിസ്, എന്നിവരുടെ മാന്യമായ സംഭാവനകള്‍ ലങ്കന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി.
ആദ്യ മത്സരത്തിലേതിനു സമാനമായിരുന്നു രണ്ടാം മത്സരത്തിലും ലങ്കയുടെ ബാറ്റിങ്. പക്ഷേ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ പഥും നിസ്സങ്കയെ (0) ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ നഷ്ടമായിട്ടായിരുന്നു ലങ്കയുടെ തുടക്കം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഫെറാന്‍ഡോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 74 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ലങ്കന്‍ ഇന്നിങ്സ് ട്രാക്കിലായി.
പിന്നാലെ 62 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 40 റണ്‍സെടുത്ത ഫെറാന്‍ഡോയെ മടക്കി വാഷിങ്ടണ്‍ സുന്ദര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്ന് 42 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത മെന്‍ഡിസിനെയും അതേ സ്പെല്ലില് സുന്ദര്‍ മടക്കി.
മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പതും നിസംഗയെ നഷ്ടപ്പെട്ട ശ്രീലങ്കയുടെ റണ്ണൊഴുക്ക് പതുക്കെയായിരുന്നു. 24.5 ഓവറുകളിലാണ് (149 പന്തുകള്‍) ശ്രീലങ്ക 100 പിന്നിട്ടത്. 200 റണ്‍സിലേക്ക് എത്തിയതാകട്ടെ 45. 3ഓവറുകളിലും. മധ്യനിരയില്‍ ദുനിത് വെല്ലാലഗെയും കമിന്ദു മെന്‍ഡിസും തിളങ്ങിയതോടെയാണ് ശ്രീലങ്ക മെച്ചപ്പെട്ട സ്കോറിലേക്കെത്തിയത്. മുഹമ്മദ് സിറാജും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
മൂന്ന് മത്സര പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ. മറുവശത്ത് ട്വന്റി20 പരമ്പരയിലേറ്റ സമ്പൂര്‍ണ തോല്‍വിയുടെ നാണക്കേട് മാറ്റാന്‍ ഏകദിന പരമ്പരയില്‍ ആതിഥേയര്‍ക്ക് ജയം അനിവാര്യമാണ്. പരമ്പരയിലെ ആദ്യ മത്സം ടൈയില്‍ അവസാനിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ 47.5 ഓവറില്‍ 230 റണ്‍സെടുത്ത് ഇന്ത്യ ഓള്‍ഔട്ടായി. രണ്ടാം ഏകദിനത്തിന് മഴ ഭീഷണിയുമുണ്ട്.
ടോസ് ജയിച്ച ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളിക്കുന്നത്. അതേസമയം ലങ്കന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. വാനിന്ദു ഹസരംഗ, മുഹമ്മദ് ഷിറാസ് എന്നിവര്‍ പുറത്തിരിക്കുന്നു. പകരക്കാരായി കമിന്ദു മെന്‍ഡിസും ജെഫ്രി വാന്‍ഡര്‍സെയും പ്ലേയിങ് ഇലവനിലുണ്ട്.
ഇന്ത്യ പ്ലേയിങ് ഇലവന് രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
ശ്രീലങ്ക പ്ലേയിങ് ഇലവന് പതും നിസംഗ, അവിഷ്ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയാനഗെ, കമിന്ദു മെന്‍ഡിസ്, ദുനിത് വെല്ലാലഗെ, ജെഫ്രി വാന്‍ഡര്‍സേ, അകില ധനഞ്ജയ, അസിത ഫെര്‍ണാണ്ടോ.