- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂര്‍ണാധിപത്യം! മൂന്ന് വിക്കറ്റുമായി ആശാ ശോഭന; വനിതാ ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 82 റണ്‍സിന്റെ വമ്പന്‍ ജയം; സെമി പ്രതീക്ഷ നിലനിര്‍ത്തി ഹര്‍മന്‍പ്രീത് കൗറും സംഘവും
റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇന്ത്യ
ദുബായ്: വനിതാ ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരെ തകര്‍പ്പന്‍ ജയത്തോടെ സെമി സാധ്യത നിലനിര്‍ത്തി ഇന്ത്യ. ശ്രീലങ്കക്കെതിരെ 82 റണ്‍സിന്റെ വമ്പന്‍ ജയവുമായാണ് ഇന്ത്യന്‍ വനിതകള്‍ സെമി പ്രതീക്ഷ നിലനിര്‍ത്തിയത്. ഇന്ത്യക്കെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 19.5 ഓവറില്‍ 90 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് പേര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. 21 റണ്‍സെടുത്ത കാവിഷ ദില്‍ഹാരിയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
കാവിഷക്ക് പുറമെ അനുഷ്‌ക സഞ്ജീവനി(20), അമ കാഞ്ചന(19) എന്നിവരാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ ഇന്ത്യ മൂന്ന് കളികളില്‍ നാലു പോയന്റുമായി പാകിസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 172-3, ശ്രീലങ്ക 19.5 ഓവറില്‍ 90ന് ഓള്‍ ഔട്ട്.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്കക്ക് ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ വിഷ്മി ഗുണരത്‌നെയെ(0) വീഴ്ത്തിയ രേണുക സിംഗാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ചമരി അത്തപ്പട്ടുവിനെ(1) ശ്രേയങ്ക പാട്ടീലും മൂന്നാം ഓവറില്‍ ഹര്‍ഷിത സമരവിക്രമയെ(3)രേണുകയും വീഴ്ത്തിയതോടെ 6-3ലേക്ക് കൂപ്പുകുത്തിയ ലങ്കക്ക് പിന്നീട് തലപൊക്കാനിയില്ല. കവിഷ ദില്‍ഹാരിയും(21), അനുഷ്‌ക സഞ്ജീവനിയും(20) ചേര്‍ന്നുള്ള കൂട്ടുകെട്ട് കൂട്ടത്തകര്‍ച്ചയില്‍ പിടിച്ചു നിന്നെങ്കിലും കവിഷയെ അരുന്ധതി റെഡ്ഡിയും അനുഷ്‌കയെ ആശാ ശോഭനയും വീഴ്ത്തിയതോടെ പിന്നീട് 19 റണ്‍സെടുത്ത അമ കാഞ്ചനയിലൊതുങ്ങി ലങ്കയുടെ പോരാട്ടം. സുഗന്ധിക കുമാരി(1), ഇനോഷി പ്രിയദര്‍ശിനി(1) എന്നിവരെ വീഴ്ത്തിയ ആശ ശോഭന മൂന്ന് വിക്കറ്റ് തികച്ചു.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (52*), ഓപ്പണര്‍ സ്മൃതി മന്ഥന (50) എന്നിവരുടെ അര്‍ധസെഞ്ചറിക്കരുത്തിലാണ് 172 റണ്‍സ് അടിച്ചുകൂട്ടിയത്. ഇതോടെ ട്വന്റി20 ലോകകപ്പില്‍ 500 റണ്‍സ് എന്ന നാഴികക്കല്ലും സ്മൃതി മന്ഥന പിന്നിട്ടു. സ്‌കോര്‍ ബോര്‍ഡ് നല്‍കിയ ആത്മവിശ്വാസത്തില്‍ പന്തെറിഞ്ഞ ബോളര്‍മാരും മിന്നിത്തിളങ്ങിയതോടെ, ഇന്ത്യ ശ്രീലങ്കയെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കി. മലയാളി താരം ആശ ശോഭന നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അരുദ്ധതി റെഡ്ഡിയും നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. രേണുക സിങ്ങിന് രണ്ടും ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.
22 പന്തില്‍ ഒരു ഫോര്‍ സഹിതം 21 റണ്‍സെടുത്ത കവിഷ ദില്‍ഹാരിയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. അനുഷ്‌ക സഞ്ജീവനി (22 പന്തില്‍ 20), അമാ കാഞ്ചന (22 പന്തില്‍ 19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു രണ്ടു പേര്‍. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാം മത്സരവും തോറ്റ ശ്രീലങ്ക ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി.
നേരത്തേ, ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ അര്‍ധസെഞ്ചറികളുമായി സ്മൃതി മന്ഥനയും (50) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (52*), അര്‍ധസെഞ്ചറിയുടെ അരികിലെത്തിയ പ്രകടനവുമായി ഷഫാലി വര്‍മയും കരുത്തുകാട്ടിയതോടെയാണ് ഇന്ത്യ ശ്രീലങ്കയ്ക്കു മുന്നില്‍ 173 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സെടുത്തത്. ഇന്നിങ്‌സിലെ അവസാന രണ്ടു പന്തുകളില്‍ ബൗണ്ടറി കണ്ടെത്തി അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍ 27 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ ടോപ് സ്‌കോററായി. 38 പന്തുകള്‍ നേരിട്ട സ്മൃതി, നാലു ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്തു.
ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ റണ്‍റേറ്റ് നിര്‍ണായകമായതിനാല്‍, തുടക്കം മുതലേ അതിന്റെ വെളിച്ചത്തിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചറിയുടെ വക്കിലെത്തിയ കൂട്ടുകെട്ടുമായി സ്മൃതി മന്ഥനയും ഷഫാലി വര്‍മയും അതിനു നേതൃത്വം നല്‍കി. 12.4 ഓവര്‍ ക്രീസില്‍നിന്ന ഇരുവരും, ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ എത്തിച്ചത് 98 റണ്‍സ്! ഷഫാലി 40 പന്തില്‍ നാലു ഫോറുകളോടെ 43 റണ്‍സെടുത്തു. ഇതോടെ, രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമായും ഷഫാലി മാറി. ഇരുവരും തുടര്‍ച്ചയായി പന്തുകളില്‍ പുറത്തായെങ്കിലും, ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി കളംനിറഞ്ഞ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രത്യാക്രമണം ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ ഉറപ്പാക്കി. അവസാന രണ്ടു പന്തുകളില്‍ തുടര്‍ച്ചയായി ബൗണ്ടറി നേടിയാണ് ഹര്‍മന്‍പ്രീത് അര്‍ധസെഞ്ചറി നേടിയത്. 10 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 16 റണ്‍സെടുത്ത ജമീമ റോഡ്രിഗസിന്റെ പ്രകടനവും ശ്രദ്ധേയമായി.
ശ്രീലങ്കയ്ക്കായി ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അമാ കാഞ്ചന മൂന്ന് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യന്‍ ഓപ്പണര്‍മാരെ പിരിക്കാനായി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആകെ ഏഴ് ബോളര്‍മാരെയാണ് മാറിമാറി ഉപയോഗിച്ചത്.