പല്ലെക്കലെ: ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 138 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 137 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ 48 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്ക്, ആറാം വിക്കറ്റില്‍ 40 പന്തില്‍ 54 റണ്‍സ് അടിച്ചുകൂട്ടിയ ശുഭ്മന്‍ ഗില്‍ - റിയാന്‍ പരാഗ് സഖ്യമാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ മൂന്നും വാനിന്ദു ഹസരംഗ രണ്ടും വിക്കറ്റ് വീഴ്ത്തി.

മൂന്നാം ട്വന്റി20യില്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കി പരീക്ഷണ ടീമുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അവസരം നല്‍കിയ താരങ്ങളെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തയതോടെ ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 48 റണ്‍സ് എന്ന നിലയില്‍ പതറിയിരുന്നു.

ഓപ്പണറായി ഇറങ്ങി കൂട്ടത്തകര്‍ച്ചയ്ക്കിടയിലും ഒരറ്റം കാത്തുസൂക്ഷിച്ച ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 37 പന്തുകള്‍ നേരിട്ട ഗില്‍ മൂന്നു ഫോറുകള്‍ സഹിതം 39 റണ്‍സെടുത്ത് പുറത്തായി. റിയാന്‍ പരാഗ് 18 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 26 റണ്‍സെടുത്തും പുറത്തായി. കൂട്ടത്തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയ ഇരുവരെയും വാനിന്ദു ഹസരംഗ ഒരേ ഓവറില്‍ പുറത്താക്കിയതാണ് ഇന്ത്യയെ കുറച്ചുകൂടി മികച്ച സ്‌കോറിലേക്ക് എത്തുന്നതില്‍നിന്ന് തടഞ്ഞത്.

വാഷിങ്ടന്‍ സുന്ദര്‍ 18 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിങ്‌സിന് കാര്യമായ സംഭാവന നല്‍കി. യശസ്വി ജയസ്വാള്‍ (ഒന്‍പതു പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 10), ശിവം ദുബെ (14 പന്തില്‍ 13), എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റു ബാറ്റര്‍മാര്‍. മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണയും നിരാശപ്പെടുത്തി. കഴിഞ്ഞ തവണ ഗോള്‍ഡന്‍ ഡക്കായ സഞ്ജു, ഈ മത്സരത്തിലും ഡക്കായി. റിങ്കു സിങ് രണ്ടു പന്തില്‍ ഒരു റണ്ണെടുത്തും നിരാശപ്പെടുത്തി.

സൂര്യകുമാര്‍ യാദവ് ഒന്‍പതു പന്തില്‍ ഒരു ഫോര്‍ സഹിതം എട്ടു റണ്‍സെടുത്തു. വാലറ്റത്ത് രവി ബിഷ്‌ണോയ് ഏഴു പന്തില്‍ ഒരു ഫോര്‍ സഹിതം എട്ടു റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മുഹമ്മദ് സിറാജ് ഇന്നിങ്‌സിലെ അവസാന പന്ത് നേരിട്ട് റണ്ണൗട്ടായി.

ശ്രീലങ്കന്‍ നിരയില്‍ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷണ, നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗ എന്നിവരുടെ പ്രകടനം ശ്രദ്ധേയമായി. ചാമിന്ദു വിക്രമസിംഗെ നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങിയും അസിത ഫെര്‍ണാണ്ടോ രണ്ട് ഓവറില്‍ 11 റണ്‍സ് വഴങ്ങിയും രമേഷ് മെന്‍ഡിസ് മൂന്ന് ഓവറില്‍ 26 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.