കൊളംബോ: വിജയത്തിലേക്ക് ഒരു റണ്‍ മാത്രം ബാക്കിനില്‍ക്കെ തുടര്‍ച്ചയായ പന്തുകളില്‍ രണ്ടു വിക്കറ്റ് നഷ്ടമാക്കിയതോടെ ഇന്ത്യ ശ്രീലങ്ക ആദ്യ ഏകദിനം ടൈയില്‍ കലാശിച്ചു. ഇന്ത്യയെ വിജയത്തിന്റെ വക്കോളമെത്തിച്ച ശിവം ദുബെ, അവസാന ബാറ്റര്‍ അര്‍ഷ്ദീപ് സിങ് എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ക്യാപ്റ്റന്‍ ചരിത് അസലങ്കയാണ് ലങ്കയ്ക്ക് വിജയത്തോളം പോന്ന 'ടൈ' സമ്മാനിച്ചത്. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.

രണ്ടോവറുകള്‍ ബാക്കിനില്‍ക്കേ, ഒരു റണ്‍സ് മാത്രം വേണ്ടിയിരുന്നിടത്ത്, അര്‍ഷ്ദീപ് സിങ് കൂറ്റനടിക്ക് ശ്രമിച്ച് വിജയിപ്പിക്കാന്‍ ശ്രമിച്ചു. ഫലത്തില്‍ പത്താം വിക്കറ്റും നഷ്ടപ്പെട്ട് കളി സമനിലയില്‍. പതറിനിന്ന ഇന്ത്യയെ ശിവം ദുബെയാണ് സമനിലയിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് 47.5 ഓവറില്‍ 230-ല്‍ അവസാനിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ പോസിറ്റീവായ തുടക്കം നല്‍കിയിട്ടും തുടര്‍ബാറ്റര്‍മാര്‍ പരാജയപ്പെട്ടത് ഇന്ത്യന്‍ ജയത്തെ തടഞ്ഞു. അഷിത ഫെര്‍ണാണ്ടോ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ ഹിറ്റ്മാന്‍ തനി സ്വരൂപം നടത്തി- ഒരു സിക്‌സും ഫോറും സഹിതം 12 റണ്‍സ്. ആദ്യ നാലോവറില്‍ത്തന്നെ ടീം 40 കടന്നു. പത്തോവറിനിടെ ടീം സ്‌കോര്‍ 71-ല്‍ നില്‍ക്കേ, രോഹിത് അര്‍ധ സെഞ്ചുറി കുറിച്ചു. ഒരറ്റത്ത് ക്ഷമയോടെ നിലയുറപ്പിക്കേണ്ട ബാധ്യതയേ ശുഭ്മാന്‍ ഗില്ലിനുണ്ടായിരുന്നുള്ളൂ.

75 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് നടത്തി ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത് (35 പന്തില്‍ 16). പിന്നാലെ 15-ാം ഓവറില്‍ രോഹിത് ശര്‍മയും പുറത്തായി. 47 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ചേര്‍ന്ന് 58 റണ്‍സാണ് രോഹിത് നേടിയത്. പിന്നാലെ വാഷിങ്ടണ്‍ സുന്ദര്‍ (5), വിരാട് കോലി (24), ശ്രേയസ് അയ്യര്‍ (23) എന്നിവരും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ഇതിനിടെ സ്‌കോര്‍ വേഗവും കുറഞ്ഞു.

47 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 58 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി തോല്‍വിയിലേക്കു നീങ്ങിയ ഇന്ത്യയെ, വാലറ്റത്തെ കൂട്ടുപിടിച്ച് ശിവം ദുബെയാണ് വിജയത്തിന്റെ വക്കിലെത്തിച്ചത്. ദുബെ 24 പന്തില്‍ രണ്ട് തകര്‍പ്പന്‍ സിക്‌സറുകളും ഒരു ഫോറും സഹിതം 25 റണ്‍സുമായി പുറത്തായത് നിര്‍ണായകമായി. തൊട്ടടുത്ത പന്തില്‍ അര്‍ഷ്ദീപും എല്‍ബിയില്‍ കുരുങ്ങി പുറത്തായി. മുഹമ്മദ് സിറാജ് 11 പന്തില്‍ അഞ്ച് റണ്‍സുമായി വിജയത്തിലേക്ക് ദുബെയ്ക്ക് കൂട്ടുനിന്നു.

മികച്ച തുടക്കത്തിനു ശേഷം രണ്ടു റണ്‍സിന്റെ ഇടവേളയില്‍ വിരാട് കോലിയും ശ്രേയസ് അയ്യരും പുറത്തായതോടെ ക്ഷമയോടെ ബാറ്റേന്തിയ കെ.എല്‍.രാഹുല്‍ അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയ്ക്ക് കരുത്തായത്. രാഹുല്‍ 31 റണ്‍സെടുത്തും അക്ഷര്‍ പട്ടേല്‍ 33 റണ്‍സെടുത്തും പുറത്തായി. ശുഭ്മന്‍ ഗില്‍ (35 പന്തില്‍ 16), വിരാട് കോലി (32 പന്തില്‍ 24), ശ്രേയസ് അയ്യര്‍ (57 പന്തില്‍ 33) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

രണ്ട് അര്‍ധസെഞ്ചറി കൂട്ടുകെട്ടുകളാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ഗില്‍ സഖ്യം 76 പന്തില്‍ അടിച്ചെടുത്തത് 75 റണ്‍സ്. പിന്നീട് വിരാട് കോലി ശ്രേയസ് അയ്യര്‍ സഖ്യം 45 പന്തില്‍ 43 റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ 92 പന്തില്‍ 57 റണ്‍സെടുത്ത് ഇന്ത്യയെ കൂട്ടത്തര്‍ച്ചയില്‍നിന്ന് രക്ഷിച്ചു. ശ്രീലങ്കയ്ക്കായി ചരിത് അസലങ്ക 8.5 ഓവറില്‍ 30 റണ്‍സ് വഴങ്ങിയും വാനിന്ദു ഹസരംഗ 10 ഓവറില്‍ 58 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ദുനിത് വെല്ലാലഗെ ഒന്‍പത് ഓവറില്‍ 39 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു. അസിത ഫെര്‍ണാണ്ടോ, അകില ധനഞ്ജയ, എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, മുറുക്കമാര്‍ന്ന ബോളിങ്ങുമായി പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ കളംനിറഞ്ഞതോടെയാണ് ആതിഥേയരായ ശ്രീലങ്കയെ ഇന്ത്യ 230 റണ്‍സില്‍ ഒതുക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 230 റണ്‍സെടുത്തത്. അര്‍ധസെഞ്ചറിയുമായി പുറത്താകാതെ നിന്ന ദുനിത് വെല്ലാഗലെയാണ് അവരുടെ ടോപ് സ്‌കോറര്‍. 65 പന്തില്‍ 67 റണ്‍സാണ് ദുനിത് നേടിയത്. ഓപ്പണര്‍ പാത്തും നിസ്സങ്കയും അര്‍ധസെഞ്ചറി നേടി.

65 പന്തുകള്‍ നേരിട്ട ദുനിത് ഏഴു ഫോറും രണ്ടു സിക്‌സും സഹിതമാണ് 67 റണ്‍സെടുത്തത്. നിസ്സങ്ക 75 പന്തില്‍ ഒന്‍പതു ഫോറുകളോടെ 56 റണ്‍സെടുത്തു. ജാനിത് ലിയനാഗെ (26 പന്തില്‍ 20), വാനിന്ദു ഹസരംഗ (35 പന്തില്‍ 24), അകില ധനഞ്ജയ (21 പന്തില്‍ 17), കുശാല്‍ മെന്‍ഡിസ് (11 പന്തില്‍ 14), ക്യാപ്റ്റന്‍ ചരിത് അസലങ്ക (21 പന്തില്‍ 14) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോ (ഏഴു പന്തില്‍ ഒന്ന്), സദീര സമരവിക്രമ (18 പന്തില്‍ എട്ട്) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു. ഒരു ഓവര്‍ ബോള്‍ ചെയ്ത് 14 റണ്‍സ് വഴങ്ങിയ ശുഭ്മന്‍ ഗില്ലിനു മാത്രം വിക്കറ്റ് ലഭിച്ചില്ല.