അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കായി ഓസ്‌ട്രേലിയിൽ എത്തിയിട്ടുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളായ ഊബർ യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജൂറൽ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഊബറിൽ യാത്ര ചെയ്യുന്നത്. കാറിൽ സ്ഥാപിച്ചിരുന്ന ഡാഷ് ക്യാമറയിലാണ് ഈ രസകരമായ നിമിഷം പതിയുന്നത്.

പ്രസിദ്ധ് കൃഷ്ണ മുന്നിലെ സീറ്റിലും ജയ്‌സ്വാളും ജൂറലും പിറകിലെ സീറ്റിലുമാണ് ഇരുന്നത്. ആദ്യം വാഹനത്തിൽ ദ്രുവ് ജുറലാണ് കാറിനുള്ളിൽ കയറുന്നത്. ഡ്രൈവർ താരങ്ങളെ കണ്ട ഉടൻ അമ്പരപ്പ് പ്രകടിപ്പിച്ചെങ്കിലും ശാന്തത പാലിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു ആവേശവും പ്രകടിപ്പിക്കാതെ ഡ്രൈവിംഗിൽ ശ്രദ്ധിക്കുകയും ചെയ്തു.

അതേസമയം, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളുള്ള ഈ പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച സിഡ്‌നിയിലാണ് നടക്കുന്നത്. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റിന് വിജയിച്ചാണ് ഓസ്‌ട്രേലിയ പരമ്പര ഉറപ്പിച്ചത്. 265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 46.2 ഓവറിൽ ലക്ഷ്യം മറികടന്നു. മാത്യു ഷോർട്ട് (74), കൂപ്പർ കൊനോലി (61) എന്നിവരുടെ മികച്ച പ്രകടനമാണ് ഓസീസിന് വിജയം നേടിക്കൊടുത്തത്. ഈ പരമ്പരയിൽ ഇനി ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.