മുംബൈ: അറബിക്കടലിന്റെ തീരത്ത് ആര്‍ത്തിരമ്പിയ ആരാധകരെ സാക്ഷിയാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്ടറി പരേഡ്. പിന്നാലെ വാംഖഡെയില്‍ വീരോചിത സ്വീകരണം... ലോകകപ്പ് ഫൈനല്‍ മത്സരത്തിലേതടക്കം സുവര്‍ണ നിമിഷങ്ങളെക്കുറിച്ച് വാചലരായി രോഹിതും ദ്രാവിഡും കോലിയും ബുമ്രയും.... ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാന്‍ പോന്ന ഒരുപിടി സുവര്‍ണ നിമിഷങ്ങള്‍ സമ്മാനിച്ചാണ് മുംബൈയില്‍ ട്വന്റി 20 ലോകകപ്പ് ജേതാക്കള്‍ക്ക് വരവേല്‍പ്പ് നല്‍കിയത്.

മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ നടത്തിയ വിക്ടറി മാര്‍ച്ച് കാണാന്‍ ലക്ഷക്കണക്കിനാരാധകരാണ് മറൈന്‍ ഡ്രൈവിന്റെ ഇരുവശത്തുമായി തടിച്ചു കൂടിയത്. സൂചികുത്താന്‍ പോലും ഇടമില്ലാതെ തടിച്ചു കൂടി ആരാധകര്‍ക്കിടയിലൂടെ ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ബസ് മുന്നോട്ട് പോകാന്‍ പോലും പലപ്പോഴും ബുദ്ധിമുട്ടി.

വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങുമെന്ന് അറിയിച്ച വിക്ടറി മാര്‍ച്ച് കനത്ത മഴയും ആരാധക ബാഹുല്യവും കാരണം തുടങ്ങാന്‍ ഏഴ് മണിയായി. മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ തുടങ്ങിയ മാര്‍ച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്തു. രോഹിത്തിന്റെ തോളില്‍ കൈയിട്ട് ബസിന്റെ മുന്നിലേക്ക് വന്ന വിരാട് കോലിയും രോഹിത്തിന്റെ കൈപിടിച്ച് ആരാധകരെ സാക്ഷിയാക്കി ഒരിക്കല്‍ കൂടി ലോകകപ്പ് കിരീടം ആകാശത്തേക്ക് ഉയര്‍ത്തി. ഇന്ത്യന്‍ ആരാധകര്‍ വര്‍ഷങ്ങളായി കാണാന്‍ കൊതിച്ച നിമിഷം.

ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ പതാക വീശി മുന്നില്‍ നിന്നപ്പോള്‍ വിരാട് കോലിയും അക്‌സര്‍ പട്ടേലും സൂര്യകുമാര്‍ യാദവും റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമെല്ലാം ആരാധകര്‍ക്കൊപ്പം ആവേശത്തില്‍ പങ്കാളികളായി. ഇടയ്ക്ക് രോഹിതും ദ്രാവിഡും തമ്മിലുള്ള സൗഹൃദത്തിന്റെ ഊഷ്മള നിമിഷങ്ങളും ആരാധര്‍ക്കുമുന്നില്‍ തെളിഞ്ഞു.

ബിസിസിഐ സെക്രട്ടറി ജയ് ഷായും വൈസ് പ്രസിഡന്റ് രാജിവ് ശുക്ലയും കളിക്കാര്‍ക്കൊപ്പം ടീം ബസിലുണ്ടായിരുന്നു. വിക്ടറി മാര്‍ച്ചിനുശേഷം ആരാധകരെക്കൊണ്ട് നിറഞ്ഞ വാംഖഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് താരങ്ങളെ ആദരിച്ചു. വാംഖഡെയിലെ ആയിരക്കണക്കിന് ആരാധകര്‍ക്കുനേരെ ലോകകപ്പ് ഉയര്‍ത്തിക്കാട്ടി ഹാര്‍ദ്ദിക് തന്നെ കൂവിയവരോട് മധുരമായി പ്രതികാരം വീട്ടി.

ടീം സഞ്ചരിക്കുന്ന ബസിനു മുന്നില്‍ പൊലീസുകാര്‍ നിരന്ന് വാഹനത്തിനു കടന്നുപോകാനുള്ള വഴിയൊരുക്കി. ആരാധകര്‍ ടീം ബസിനെ അനുഗമിച്ചു. റോഡ് ഷോ ആരംഭിച്ചതിനു പിന്നാലെ സീനിയര്‍ താരം വിരാട് കോലി ട്വന്റി20 ലോകകപ്പ് ട്രോഫി ആരാധകരെ ഉയര്‍ത്തിക്കാണിച്ചു.

പിന്നീട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്ന് വീണ്ടും ആരാധകരെ അഭിവാദ്യം ചെയ്തു. ബസിന്റെ ഒരു വശത്തുനിന്ന് സഞ്ജു സാംസണ്‍ ആരാധകരെ കൈ ഉയര്‍ത്തിക്കാണിച്ചു. കോലി, കോലി എന്നു പല തവണ ആരാധകര്‍ ആര്‍ത്തുവിളിച്ചതോടെ സൂപ്പര്‍ താരം നന്ദി അറിയിച്ച് കൈ ചുണ്ടോടു ചേര്‍ത്ത് ചുംബനം നല്‍കി.

വിജയ യാത്രയ്ക്കിടെ വാഹനത്തിന്റെ മുന്‍നിരയിലെത്തിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തൊഴുതുകൊണ്ടാണ് ആരാധകര്‍ക്കുള്ള നന്ദി പ്രകടിപ്പിച്ചത്. 8.45 ഓടെ ഇന്ത്യന്‍ താരങ്ങളുമായി ബസ് വാങ്കഡെ സ്റ്റേഡിയത്തിലേക്കു കടന്നു. 125 കോടി രൂപയുടെ ചെക്ക് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു സമ്മാനിച്ചു. ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരെ അഭിവാദ്യം ചെയ്ത ശേഷമാണ് താരങ്ങള്‍ ഡ്രസിങ് റൂമിലേക്കു മടങ്ങിയത്.

ഇന്ന് രാവിലെ ആറരയോടെയാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബോയിംഗ് 777 വിമാനത്തില്‍ ബാര്‍ബഡോസില്‍ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. നേരെ ഹോട്ടലിലേക്ക് പോയ ടീം അംഗങ്ങള്‍ പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചശേഷമാണ് താരങ്ങള്‍ മുംബൈയിലേക്ക് വിമാനം കയറിയത്. വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യന്‍ ടീമിന് വാട്ടര്‍ സല്യൂട് നല്‍കിയാണ് അഗ്‌നിശമനസേന വിമാനത്താവളത്തില്‍ സ്വീകരിച്ചത്. വാംഖഡെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമായതിനാല്‍ ആയിരക്കണക്കിനാരാധകരാണ് ഉച്ചക്ക് രണ്ട് മണി മുതല്‍ തന്നെ ലോകകപ്പ് ജേതാക്കളെ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.

അതിനിടെ കിരീടം സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും എയര്‍ലൈന്‍ വിസ്താര ആദരം നല്‍കി. ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ ടീമംഗങ്ങളെയും വഹിച്ച് മുംബൈയിലെത്തിയ വിസ്താര വിമാനത്തിന്റെ നമ്പര്‍ യു.കെ.1845 എന്നതായിരുന്നു. വിരാട് കോലിയുടെ ജഴ്സി നമ്പറായ പതിനെട്ടും രോഹിത് ശര്‍മയുടെ ജഴസി നമ്പറായ നാല്‍പ്പത്തഞ്ചും പ്രതിനിധാനം ചെയ്യുന്നു ഇത്. വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കിയും ആദരമര്‍പ്പിച്ചു.

യു.എസ്.എ.യിലും കരീബിയയിലുമായി നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയിരുന്നു. 2007-ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യ രണ്ടാം കിരീടം നേടിയത്. ചാമ്പ്യന്മാരായതിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരങ്ങളായ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20യില്‍നിന്ന് വിരമിച്ചു. ലോകകപ്പിനുശേഷം ഇന്ത്യയിലേക്ക് കഴിഞ്ഞ ഞായറാഴ്ചതന്നെ മടങ്ങാനിരുന്നതായിരുന്നെങ്കിലും കരീബിയയിലെ ബെറില്‍ ചുഴലിക്കാറ്റ് വിലങ്ങുതടിയായി. ഇതോടെ ബുധനാഴ്ച വൈകിയാണ് ടീമംഗങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനായത്.