ദുബൈ: ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന വനിതാ ഏകദിന ലോകകപ്പ് ഈ മാസം 30ന് ആരംഭിക്കാനിരിക്കെ കമന്ററി സംഘത്തെ ഐസിസി പ്രഖ്യാപിച്ചു. മുന്‍ താരങ്ങളും പരിചിത ശബ്ദങ്ങളുമായ നിരവധി പേര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മിഥാലി രാജ്, ദിനേഷ് കാര്‍ത്തിക്, ആരോണ്‍ ഫിഞ്ച്, കാര്‍ലോസ് ബ്രാത്വെയ്റ്റ്, കാത്തി മാര്‍ട്ടിന്‍, നടാഷ ഫാരന്റ് തുടങ്ങി മുന്‍ താരങ്ങള്‍ കളി പറയാനെത്തും. ഇയാന്‍ ബിഷപ്പ്, എംഫുലേലോ എംബാഗ്വെ, റസ്സല്‍ അര്‍ണോള്‍ഡ്, സന മിര്‍, അഞ്ജും ചോപ്ര എന്നിവര്‍ ഉള്‍പ്പെടെ പതിവ് മുഖങ്ങളും സംഘത്തില്‍ ഉണ്ടാകും.

ഇതുവരെ വനിതാ ലോകകപ്പ് കിരീടം നേടാന്‍ കഴിയാത്ത ഇന്ത്യ, ഇത്തവണ അത് നേടാനായി വലിയ പ്രതീക്ഷകളോടെ ഇറങ്ങുന്നു. 2017ല്‍ ഫൈനലിലെത്തിയെങ്കിലും ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. 1978 മുതല്‍ ഇന്ത്യ വനിതാ ലോകകപ്പില്‍ കളിച്ചു വരുന്നു. 70 മത്സരങ്ങളില്‍ 37 ജയം, 31 തോല്‍വി, ഒരു സമനില, രണ്ട് ഫലം കിട്ടാത്ത മത്സരം എന്നതാണ് ഇന്ത്യയുടെ റെക്കോര്‍ഡ്. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ടീം മികച്ച രീതിയില്‍ മുന്നേറുകയാണ്. കഴിഞ്ഞ ലോകകപ്പിന് ശേഷം 38 മത്സരങ്ങളില്‍ 25 വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. സ്മൃതി മന്ധാന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ എന്നിവര്‍ ടീമിന്റെ കരുത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.