മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെയും വനിതാ ലീഗിന്റെയും വന്‍ വിജയത്തിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ ഇതിഹാസതാരങ്ങള്‍ അണിനിരക്കുന്ന പ്രീമിയര്‍ ലീഗിന് വഴിയൊരുക്കാന്‍ ബിസിസിഐ. സച്ചിനും സേവാഗും യുവരാജുമൊക്കെ അണിനിരക്കുന്ന സമനാമായൊരു ലീഗ് വേണമെന്ന നിര്‍ദേശവുമായി സീനിയര്‍ താരങ്ങള്‍ ബസിസിഐയെ സമീപിച്ചുവെന്ന് റിപ്പോര്‍ട്ട്. സീനിയര്‍ താരങ്ങളുടെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ വൈകാതെ ലെജന്‍ഡ്‌സ് പ്രീമിയര്‍ ലീഗ് അവതരിപ്പിക്കുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ്, ലെജന്‍ഡ്ഡ്‌സ് ലീഗ് ക്രിക്കറ്റ്, ലെജന്‍ഡ്ഡ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, ഗ്ലോബല്‍ ലെന്‍ഡ്‌സ് ലീഗ് തുടങ്ങി വിരമിച്ച താരങ്ങള്‍ക്കായി നിരവധി ലീഗുകളുണ്ടെങ്കിലും ഇവയെല്ലാംസ്വകാര്യ കമ്പനികളോ സ്ഥാപനങ്ങളോ നടത്തുന്നതാണ്. ബിസിസിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സീനിയര്‍ താരങ്ങള്‍ക്കായി ഒരു ടൂര്‍ണമെന്റ് ഇല്ല. അതുകൊണ്ട് തന്നെ ബിസിസിഐ തന്നെ നേരിട്ട് ഇത്തരമൊരു ടൂര്‍ണമെന്റ് തുടങ്ങിയാല്‍ അത് സച്ചിന്‍, യുവരാജ്, സെവാഗ്, ഗെയ്ല്‍, ഡിവില്ലിയേഴ്‌സ് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ പ്രകടനം വീണ്ടും കാണാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ.

റോഡ് സേഫ്റ്റി ലീഗില്‍ സച്ചിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ലെജന്‍ഡ്‌സ് രണ്ട് തവണ ചാമ്പ്യന്‍മാരായിരുന്നു.അടുത്തിടെ യുവരാജിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ ലെജന്‍ഡ്‌സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം നേടി. 2007-2011 ലോകകപ്പുകളില്‍ കളിച്ച നിരവധി താരങ്ങള്‍ യുവരാജ് സിംഗ് നയിച്ച ടീമലുണ്ടായിരുന്നു. വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ കോടതി വിധി ഇന്ന്; നിര്‍ണായകമാകുക അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ നിലപാട്

നിലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന മുന്‍ താരങ്ങളുടെ ലീഗിന് പകരം ബിസിസിഐ തന്നെ അത്തരമൊരു ടൂര്‍ണമെന്റ് തുടങ്ങിയാല്‍ അത് ഐപിഎല്‍ പോലെ ജനപ്രിയമാകുമെന്നാണ് മുന്‍ താരങ്ങള്‍ പറയുന്നത്. മുന്‍ താരങ്ങളുടെ നിര്‍ദേശം സ്വീകരിക്കപ്പെട്ടാല്‍ അടുത്ത വര്‍ഷത്തോടെ ഐപിഎല്‍ മാതൃകയില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികളും ടീമുകളുമായി ബിസിസിഐ രംഗത്തുവരുമെന്നാണ് കരുതുന്നത്. വിരമിച്ച താരങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കുന്നതിനൊപ്പും ബിസിസിഐക്കും ടൂര്‍ണമെന്റിലൂടെയും ടീമുകളെ ലേലം ചെയ്ത് നല്‍കുന്നതിലൂടെയും ലാഭം നേടാനാകുമെന്നും വിരമിച്ച താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.