- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലില്‍ വാതുവയ്പ്പിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ശ്രമിച്ചു; സഹകരിക്കാത്തതില്‍ വധഭീഷണി; ഇക്കാരണത്താല്‍ ഇന്ത്യ വിട്ടു; ഇപ്പോള്‍ എന്റെ പേരില്‍ ഒരു കേസുമില്ല; ഉണ്ടെങ്കില്‍ അത് തെളിയിക്കൂ കാണട്ടേ: ഐപിഎല്‍ സ്ഥാപകനായ ലളിത് മോദി
മുംബൈ: ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്താനുള്ള അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ശ്രമങ്ങളുമായി സഹകരിക്കാത്തതിനാല്‍ വധ ഭീഷണിയുണ്ടായിരുന്നുവെന്ന് ഐപിഎല്‍ സ്ഥാപകനായ ലളിത് മോദി. ഇക്കാരണത്താലാണ് താന്‍ ഇന്ത്യ വിട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു. തനിക്കെതിരെ ഒരിടത്തും കേസില്ല. ഇന്ത്യയിലേക്ക് എപ്പോള്‍ വേണമെങ്കിലും തനിക്കു വരാമെന്നും ലളിത് മോദി. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിലാണ് ലളിത് മോദിയുടെ വെളിപ്പെടുത്തല്‍. 2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്.
'എനിക്ക് വധ ഭീഷണികള്‍ വന്നിരുന്നു. ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പിനുള്ള ദാവൂദ് ഇബ്രാഹിമിന്റെ ശ്രമങ്ങളോടു ഞാന്‍ സഹകരിക്കാന്‍ തയ്യാറായില്ല. ഇതായിരുന്നു വധ ഭീഷണിക്കു കാരണം. ഭീഷണി ശക്തമായതിനെ തുടര്‍ന്നാണ് രാജ്യം വിട്ടത്. അല്ലാതെ ഇന്ത്യ വിടാന്‍ എന്തെങ്കിലും നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചു ക്രിക്കറ്റിലെ അഴിമതി വിരുദ്ധ പോരാട്ടം പ്രധാനപ്പെട്ടതായിരുന്നു. ക്രിക്കറ്റിന്റെ മാന്യത നിലനിര്‍ത്താന്‍ അത് അനിവാര്യമാണെന്നു ഞാന്‍ കരുതി.'
'മുംബൈ വിമാനത്താവളത്തില്‍ നില്‍ക്കുന്ന സമയത്തു ഭീഷണിയുണ്ടായിരുന്നു. ഇതു മനസിലാക്കി വിഐപി ഗെയ്റ്റു വഴി പുറത്തു കടക്കാന്‍ സുരക്ഷാ ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചു. ദാവൂദ് ഇബ്രാഹിമിന്റേയും സംഘത്തിന്റേയും ഹിറ്റ് ലിസ്റ്റില്‍ ഉണ്ടെന്നും ഇനി 12 മണിക്കൂറില്‍ കൂടുതല്‍ സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്നും മുംബൈ പൊലീസ് നേരിട്ട് അറിയിച്ചു. ഇതോടെയാണ് രാജ്യം വിട്ടത്.'
'ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ് എനിക്കായി വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. ഇനിയും നിങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ലെന്നു അദ്ദേഹം പറഞ്ഞു. എന്റെ ജീവിതം വന്‍ അപകടത്തിലാണെന്നും മുന്നറിയിപ്പു നല്‍കി. അവിടെ നിന്നു മുംബൈയിലെ ഒരു ഹോട്ടലിലേക്കു കൊണ്ടു പോയി.'
'എനിക്ക് നാളെ വേണമെങ്കില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താം. ഒരു പ്രശ്‌നവുമില്ല. നിയമപരമായി ഞാന്‍ കുറ്റവാളിയല്ല. എനിക്കെതിരെ ഒരു കോടതിയിലും ഒരു കേസും ഇല്ല. ഇനി അങ്ങനെ ഒരു കേസുണ്ടെങ്കില്‍ പുറത്തുവിടു കാണട്ടെ'- ലളിത് മോദി വെല്ലുവിളിച്ചു.
ദാവൂദിന്റെ ഡി കമ്പനിയുടെ ഹിറ്റ് ലിസ്റ്റിലുള്ള ആളാണ് ലളിത് മോദി. ഒരിക്കല്‍ ബാങ്കോക്കില്‍ വച്ച് ലളിത് മോദിയെ വധിക്കാന്‍ ദാവൂദിന്റെ നിര്‍ദ്ദേശമനുസരിച്ച് ഷാര്‍പ്പ് ഷൂട്ടര്‍മാരുടെ സംഘം അ?ദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയിരുന്നു. എന്നാല്‍ വിവരം നേരത്തെ കിട്ടിയതിനെ തുടര്‍ന്നു ലളിത് മോദി അന്നു രക്ഷപ്പെടുകയായിരുന്നുവെന്നും ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍ വെളിപ്പെടുത്തിയിരുന്നു.