- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ശ്രേയസ് അയ്യര്‍. 26.75 കോടിക്ക് ഇന്ത്യന്‍ താരം പഞ്ചാബില്‍; അര്‍ഷ്ദീപിനെ 18 കോടിക്ക് ആര്.ടി.എം ഉപയോഗിച്ച് നിലനിര്‍ത്തി; റബാദ 10.75 കോടിക്ക് ഗുജറാത്തില്‍; ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു
ഏറ്റവും മൂല്യമേറിയ താരമായി ശ്രേയസ് അയ്യര്‍
ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡ്‌ഴ്‌സ് മുന്‍ നായകനുമായ ശ്രേയസ് അയ്യര്‍. മെഗാ താരലേലത്തില്‍ 26.75 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ താരത്തെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സുമായി നടത്തിയ വാശിയേറിയ ലേലത്തിന് ഒടുവിലാണ് ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയത്.
മുപ്പത് കോടി ആവശ്യപ്പെട്ടതോടെ താരത്തിനെ നിലനിര്‍ത്താതെ കൊല്‍ക്കത്ത നേരത്തെ ഒഴിവാക്കുകയായിരുന്നു. താരലേലത്തില്‍ മാര്‍ക്വീ താരമായി എത്തിയ ശ്രേയസിനായി വാശിയേറിയ ലേലമാണ് നടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ താരലേലത്തില്‍ 24.75 കോടി നേടിയ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡാണ് ശ്രേയസ് അയ്യര്‍ മറികടന്നത്. ഇംഗ്ലണ്ട് നായകനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറെ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് സ്വന്തമാക്കി.
ഇന്ത്യയുടെ ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് താരലേലത്തിനെത്തിയ ആദ്യതാരം. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള അര്‍ഷ്ദീപിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും രാജസ്ഥാന്‍ റോയല്‍സും രംഗത്തെത്തി. വാശിയേറിയ ലേലംവിളിക്കൊടുവില്‍ 15.75 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിളിച്ചെങ്കിലും, ആര്‍ടിഎം ഉപയോഗപ്പെടുത്തി പഞ്ചാബ് കിങ്‌സ് 18 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാദയെ 10.75 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സും ടീമിലെത്തിച്ചു.
നിലവിലെ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തായിരിക്കും ലേലത്തിലെ സൂപ്പര്‍ താരമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. 25 മുതല്‍ 30 കോടി രൂപ വരെ പന്തിനു ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്നും നാളെയുമാണ് ലേലം. 1254 താരങ്ങളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 ടീമുകളിലായി 204 താരങ്ങള്‍ക്കാണ് അവസരം ലഭിക്കുക. 10 ടീമുകള്‍ക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്.
ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ടുദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 1574 പേരില്‍നിന്നായി 574 പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവിടാന്‍ കഴിയുക.