ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മുന്‍ ഡല്‍ഹി കാപ്പിറ്റല്‍സ് നായകനുമായ ഋഷഭ് പന്ത്. 27 കോടി രൂപയ്ക്കാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഋഷഭ് പന്തിനെ സ്വന്തമാക്കിയത്. മെഗാ താരലേലത്തില്‍ 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി മിനിറ്റുകള്‍ക്കുള്ളിലാണ് പന്ത് റെക്കോര്‍ഡ് മറികടന്നത്. ലക്‌നൗവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് പന്തിനായി അവസാനം വരെ പോരടിച്ചത്. പന്തിനെയും ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്താന്‍ ഡല്‍ഹി ശ്രമിച്ചെങ്കിലും, ലക്‌നൗ ഒറ്റയടിക്ക് ഏഴു കോടിയോളം രൂപ ഉയര്‍ത്തിയാണ് ടീമിലെത്തിച്ചത്.

നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സുമായി നടത്തിയ വാശിയേറിയ ലേലത്തിന് ഒടുവിലാണ് ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയത്. മുപ്പത് കോടി ആവശ്യപ്പെട്ടതോടെ താരത്തിനെ നിലനിര്‍ത്താതെ കൊല്‍ക്കത്ത നേരത്തെ ഒഴിവാക്കുകയായിരുന്നു. താരലേലത്തില്‍ മാര്‍ക്വീ താരമായി എത്തിയ ശ്രേയസിനായി വാശിയേറിയ ലേലമാണ് നടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ താരലേലത്തില്‍ 24.75 കോടി നേടിയ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡാണ് ശ്രേയസ് അയ്യര്‍ മറികടന്നത്. ഇംഗ്ലണ്ട് നായകനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറെ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് സ്വന്തമാക്കി.

ഇന്ത്യയുടെ ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് താരലേലത്തിനെത്തിയ ആദ്യതാരം. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള അര്‍ഷ്ദീപിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും രാജസ്ഥാന്‍ റോയല്‍സും രംഗത്തെത്തി. ഡല്‍ഹി 7.5 കോടി വരെ പോയപ്പോള്‍ ചെന്നൈ പിന്മാറി. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് 10 കോടി വിളിച്ചു. ഇതോടെ ഡല്‍ഹി പിന്മാറി. പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ചിത്രത്തിലേക്ക് വന്നു.

വാശിയേറിയ ലേലംവിളിക്കൊടുവില്‍ 15.75 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിളിച്ചെങ്കിലും, ആര്‍ടിഎം ഉപയോഗപ്പെടുത്തി പഞ്ചാബ് കിങ്‌സ് 18 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാദയെ 10.75 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സും ടീമിലെത്തിച്ചു. ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരെല്ലാം പിന്നാലെ ഉണ്ടായിരുന്നെങ്കിലും പിന്‍വലിയേണ്ടി വന്നു.

1254 താരങ്ങളാണ് താരലേലത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 ടീമുകളിലായി 204 താരങ്ങള്‍ക്കാണ് അവസരം ലഭിക്കുക. 10 ടീമുകള്‍ക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്. ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ടുദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 1574 പേരില്‍നിന്നായി 574 പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവിടാന്‍ കഴിയുക.

ഇന്ത്യക്ക് പുറത്ത് നടക്കുന്ന രണ്ടാമത്തെ ഐപിഎല്‍ മെഗാ താരലേലമാണിത്. രണ്ട് ദിവസവും ലേലം രണ്ട് ഘട്ടമായി 3.30 മുതല്‍ 5 വരെയും, 5.45 മുതല്‍ രാത്രി 10.30 വരെയുമാണ് ലേലം നടക്കുക. 367 ഇന്ത്യക്കാരും 210 വിദേശികളും ഉള്‍പ്പടെ ആകെ 577 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 ടീമുകളിലായി താരലേലത്തില്‍ അവസരം കിട്ടുക 70 വിദേശികള്‍ അടക്കം 204 താരങ്ങള്‍ക്കാണ്. രണ്ട് കോടി രൂപയാണ് ഉയര്‍ന്ന അടിസ്ഥാന വില. 12 മാര്‍ക്വീ താരങ്ങള്‍ ഉള്‍പ്പടെ രണ്ട് കോടി പട്ടികയില്‍ 81 പേര്‍ ഇടംപിടിച്ചു.

42 വയസുള്ള ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്സനാണ് ലേലത്തിലെ പ്രായമേറിയ താരം. ബിഹാറിന്റെ പതിമൂന്നു വയസുകാരന്‍ വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ താരവും. നിലനിര്‍ത്തിയ താരങ്ങള്‍ ഉള്‍പ്പടെ ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 120 കോടി രൂപയാണ്.