- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ പേസര്‍മാര്‍ക്ക് പൊന്നുംവില; ഭുവനേശ്വര്‍ക്ക് 10.75 കോടി; ചാഹറിന് 9.25 കോടി; മുകേഷിനും ആകാശ്ദീപിനും 8 കോടി; വില്യംസണും രഹാനെയ്ക്കും മായങ്കിനും ആവശ്യക്കാരില്ല; ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു
ഇന്ത്യന്‍ പേസര്‍മാര്‍ക്ക് പൊന്നുംവില
ജിദ്ദ: ഐപിഎല്‍ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് പൊന്നുംവില. ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചിട്ട് നാളുകള്‍ പിന്നിട്ടെങ്കിലും ഐപിഎല്ലിലെ മിന്നും പേസറായ ഭുവനേശ്വര്‍ കുമാറിനെ ആര്‍സിബി 10.75 കോടി രൂപയ്ക്ക് സ്വന്തമാക്കി. മറ്റൊരു ഇന്ത്യന്‍ പേസറായ ദീപക് ചാഹറിനെ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. ആകാശ് ദീപിനെ ലക്നൗ സൂപ്പര്‍ ജയന്റ്സ് എട്ട് കോടിക്ക് ടീമിലെത്തിച്ചു. മുകേഷ് കുമാറിനായി എട്ട് കോടി മുടക്കി ആര്‍ടിഎം ഉപയോഗിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തി.
അടുത്തിടെ സമാപിച്ച ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത മാര്‍ക്കോ യാന്‍സനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. രാജസ്ഥാന്റെ ശക്തമായ ശ്രമം മറികടന്ന് ക്രുനാല്‍ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ വാങ്ങി. ഐപിഎലില്‍ മികച്ച റെക്കോര്‍ഡുള്ള നിതീഷ് റാണയെ 4.20 കോടി രൂപയ്ക്ക് രാജസ്ഥാന് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലേസിയെ 2 കോടി രൂപയ്ക്ക് ഡല്‍ഹിയും വിന്‍ഡീസ് താരം റോവ്മന്‍ പവലിനെ 1.5 കോടിക്ക് കൊല്‍ക്കത്തയും ടീമിലെത്തിച്ചു. വാഷിങ്ടന്‍ സുന്ദറിനെ 3.2 കോടിക്ക് ഗുജറാത്തും ജോഷ് ഇന്‍ഗ്ലിസിനെ 2.60 കോടിക്ക് പഞ്ചാബും സ്വന്തമാക്കി.
അജിന്‍ക്യ രഹാനെ, മയാങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ഡാരില്‍ മിച്ചല്‍, ഷായ് ഹോപ്പ്, കെ.എസ്. ഭരത്, അലക്സ് ക്യാരി, ഡൊണോവന്‍ ഫെറെയ്ര എന്നിവര്‍ ആദ്യ ഘട്ടത്തില്‍ 'അണ് സോള്‍ഡ്' ആയി. താരലലേത്തില്‍ യുവതാരം പൃഥ്വി ഷായെ ആരും ടീമിലെടുത്തില്ല. 75 ലക്ഷം രൂപയായിരുന്നു പൃഥ്വി ഷായുടെ അടിസ്ഥാന വില. എന്നാല്‍ സമീപകാലത്ത് കായികക്ഷമത പ്രശ്നങ്ങളും,അച്ചടക്ക നടപടിയുമെല്ലാം നേരിട്ട ഇന്ത്യന്‍ യുവതാരത്തില്‍ ഒരു ടീമും താല്പര്യം പ്രകടിപ്പിച്ചില്ല.
മുന്‍ ഇന്ത്യന്‍ താരം അജിങ്ക്യാ രഹാനെക്കും ഐപിഎല്‍ ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. രണ്ട് സീസണ് മുമ്പ് നടന്ന താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ രഹാനെ ടീമിനായി ആദ്യ സീസണില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും കഴിഞ്ഞ സീസണില്‍ നിറം മങ്ങിയതോടെ രഹാനെയെ ആരും ടീമിലെടുത്തില്ല.
പഞ്ചാബ് കിംഗ്സ് താരമായിരുന്ന മായങ്ക് അഗര്‍വാളിനും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന ഷാര്‍ദ്ദുല്‍ താക്കൂറിനും വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിനും ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. വിദേശ താരങ്ങളില്‍ ന്യൂസിലന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണെയും ഗ്രെന്‍ ഫിലിപ്സിനെയും ഡാരില്‍ മിച്ചലിനെയും ആരും ടീമിലെടുത്തില്ല. അതേസമയം, കഴിഞ്ഞ സീസണില്‍ ആര്‍സിബി നായകനായിരുന്ന ഫാഫ് ഡൂപ്ലെസിയെ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ട് കോടിക്ക് സ്വന്തമാക്കി.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സ് താരമായിരുന്ന റൊവ്മാന്‍ പവലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടു കോടിക്ക് ടീമിലെത്തിച്ചു. ഇന്ത്യന്‍ താരങ്ങളില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ 3.2 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. മുന്‍ ലേലത്തില്‍ 18.50 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം സാം കറനെ 2.40 കോടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് തിരികെയെത്തിച്ചു. 4.20 കോടിക്ക് കൊല്‍ക്കത്ത താരമായിരുന്ന നിതീഷ് റാണയെ രാജസ്ഥാന് റോയല്‍സ് ടീമിലെത്തിച്ചപ്പോള്‍ ലഖ്നൗ താരമായിരുന്ന ക്രുനാല്‍ പാണ്ഡ്യയെ 5.75 കോടിക്ക് ആര്‍സിബി ടീമിലെത്തിച്ചു.